black-panther

വിവിധയിനം മൃഗങ്ങളുടെ വൈവിധ്യത്താൽ അനുഗ്രൃഹീതമാണ് ഇന്ത്യയിലെ വനസമ്പത്ത്. രാജ്യത്തെ കാടുകളിൽ മാത്രം കാണുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ ധാരാളമുണ്ടിവിടെ. വെള‌ള കടുവയും സിംഹവാലൻ കുരങ്ങും ഹൂളോക് ഗിബ്ബണും എല്ലാം അത്തരത്തിൽ പ്രത്യേകതയാർന്നവയാണ്. കാടുകളിൽ അപൂർവമായി മാത്രം കാണുന്ന ഒന്നാണ് കരിമ്പുലികൾ. ജന്തുക്കൾക്ക് ത്വക്കിലെ നിറം വേർതിരിക്കാൻ സഹായിക്കുന്ന മെലാനിന്റെ അളവിലെ വ്യതിയാനമാണ് സാധാരണ പുള‌ളിപുലികളിൽ നിന്ന് കരിമ്പുലികൾ ഉണ്ടാകുന്നത്. ഇവയെ കാട്ടിൽ കണ്ടുകിട്ടാൻ വളരെ പ്രയാസമാണ്.

തന്റെ ഇണക്കൊപ്പം നിൽക്കുന്ന കരിമ്പുലിയുടെ ചിത്രം പുലിയും അതിന്റെ നിഴലുമാണോ എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ മ‌റ്റൊരു കരിമ്പുലിയുടെ ചിത്രം വൈറലാകുകയാണ്. മഹാരാഷ്‌ട്രയിലെ തദോബ അന്ധേരി ദേശീയോദ്യാനത്തിൽ നിന്നുമുള‌ളതാണ് ഈ പുലി.

#Bagheera from Tadoba. This is how actually the melanistic leopard looks like. Rosettes are clear when looked from close. This beauty captured by @abhishek_pagnis. pic.twitter.com/eOygYfCzwp

— Wild India (@WildIndia1) July 27, 2020

ലോകപ്രശ‌സ്ത കൃതിയായ 'ജംഗിൾബുക്കി'ലെ കരിമ്പുലി ബഗീരയെ ഓർമ്മിപ്പിക്കുന്ന ഒരു കരിമ്പുലിയുടെ ചിത്രം 'തദോബയിലെ ബഗീര' എന്ന തലവാചകത്തിൽ വന്യജീവി ഫോട്ടോഗ്രാഫറായ അഭിഷേക് പഗ്നിസ് തന്റെ ക്യാമറയിൽ പകർത്തി ട്വി‌റ്ററിൽ പോസ്‌റ്റ് ചെയ്‌തതാണ്. കരിമ്പുലിയുടെ തിളങ്ങുന്ന ശരീരത്തിലെ മറ്റ് പുള‌ളിപ്പുലികൾക്കുള‌ളതുപോലെ കറുത്ത പുള‌ളികൾ വ്യക്തമായി തന്നെ ചിത്രത്തിൽ കാണാനാകും. ആയിരക്കണക്കിന് ലൈക്കുകളാണ് ട്വീ‌റ്റ് നേടിയത്. കരിമ്പുലിയും ശരിക്കും പുള‌ളിപുലിയാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ചിത്രം അങ്ങനെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി.