ബീജിംഗ്: കൊവിഡ് 19നെ പിടിച്ചുകെട്ടിയിരുന്ന ചൈനയിൽ വീണ്ടും രോഗം തിരിച്ചുവരുന്നതായി റിപ്പോർട്ട്. പുതുതായി 61പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാംഗിൽ മാത്രം 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈമാസം പകുതിയോടെ ഇവിടത്തെ പ്രധാന നഗരമായ ഉംറുഖിയിൽ വീണ്ടും രോഗം പൊട്ടിപുറപ്പെടുകയായിരുന്നു. 14 കേസുകൾ റിപ്പോർട്ട് ചെയ്തത് വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിംഗിലാണ്. കഴിഞ്ഞ ആഴ്ച ഇവിടത്തെ പ്രധാന നഗരമായ ദാലിയനിൽ പുതുതായി ഒരു കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. രണ്ടു കൊവിഡ് കേസുകൾ ഉത്തരകൊറിയൻ അതിർത്തി പ്രദേശമായ ജിലിനിൽ ആണ്. കൂടാതെ വിദേശത്തുനിന്നെത്തിയ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 14ന് 89 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്.
പുതുതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ തുറമുഖ നഗരമായ ഡാലിയാനിൽ കൊവിഡ് പരിശോധന വ്യാപിപ്പിച്ചു. ഡാലിയാനിലും ഉറുംഖിയിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. യുദ്ധകാല അടിസ്ഥാനത്തിൽ ഇവിടെ നടപടികൾ സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള 331ൽ 21 പേർ അത്യാസന്ന നിലയിലാണ്.
ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ബാധ ലോകം മുഴുവൻ നാശം വിതയ്ക്കുകയാണ്. 1.6 കോടിയിലധികം ജനങ്ങൾക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആറരലക്ഷം പേർ മരിച്ചു. അതേസമയം, രോഗമുക്തരുടെ എണ്ണം ഒരുകോടി കവിഞ്ഞു.
കൊവിഡ് മീറ്റർ
ആകെ മരണം: 1,64,43,674
മരണം: 6,52,630
രോഗമുക്തർ: 1,00,64,955
(രാജ്യം - രോഗികൾ - മരണം)
അമേരിക്ക: 43,71,992 - 1,49,852
ബ്രസീൽ:24,19,901 - 87,052
ഇന്ത്യ: 14,40,371 - 32,866
റഷ്യ: 8,18,120 - 13,354
ദക്ഷിണാഫ്രിക്ക: 4,45,433 - 6769