കൊല്ലം: കടയ്ക്കൽ ടൗണിന് ഒരു കിലോമീറ്റർ അകലെ ആനപ്പാറ കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിൽ കരടിയിറങ്ങി. പ്രദേശവാസികൾ വാർഡ് മെമ്പറെയും നാട്ടുകാരെയും അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്ത് തെരച്ചിൽ നടത്തി. എന്നാൽ, കരടി ഇടറോഡുകൾ വഴി ആനപ്പാറ സുബാഷ് മെമ്മോറിയൽ വായനശാലയ്ക്കടുത്ത് എത്തിയ ശേഷം കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപം കാടുമൂടിയ സ്ഥലത്ത് ഒളിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ കരടി ഇറങ്ങിയ വിവരമറിഞ്ഞ് ജനങ്ങളെത്തിയത് പൊലീസിനും തലവേദനയായി. ഈ പ്രദേശത്ത് കരടിയെ കുടുക്കുന്നതിനായി വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിരിക്കുകയാണ്. രണ്ട് ആഴ്ച മുൻപ് ചിതറ പഞ്ചായത്തിലെ മൂന്നുമൂക്കിനു സമീപമുള്ള റബർ തോട്ടത്തിലും കരടി ഇറങ്ങിയിരുന്നു. അന്ന് വനപാലകരും നാട്ടുകാരും തെരച്ചിൽ നടത്തിയിട്ടും കരടിയെ പിടികൂടാനായിരുന്നില്ല.