സോൾ: ഒരു മീശയുടെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ അമേരിക്കൻ പ്രതിനിധി ഹാരി ഹാരിസ്. മാസങ്ങളായി ഹാരിയുടെ മീശ ദക്ഷിണ കൊറിയയിൽ ചർച്ചയാണ്. അംബാസഡറുടെ മീശയുടെ പേരിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിവാദം ഉയർന്നു വരുന്നത്. ജപ്പാനും ദക്ഷിണകൊറിയയുമായുള്ള ചരിത്രപരമായ ശത്രുതയാണ് ഹാരിക്ക് വിനയായത്.
ഹാരിയുടെ മാതാവ് ജപ്പാൻ വംശജയായിരുന്നുവെന്നതാണ് അദ്ദേഹം വിവാദത്തിൽപ്പെടാൻ കാരണം. 1910-45 കാലഘട്ടത്തിൽ ടോക്കിയോ ദക്ഷിണ കൊറിയയിൽ അധിനിവേശം നടത്തിയിരുന്നു. അധിനിവേശ കാലത്തെ ഗവർണർമാരുടെ മീശയ്ക്ക് സമാനമാണ് ഹാരിയുടെ മീശ എന്നാണ് വിമർശകരുടെ വാദം. ചരിത്രത്തെ മീശയുമായി കൂട്ടിക്കെട്ടിയ വിമർശനങ്ങളോട് അവസാനം ഹാരിയ്ക്ക് അടിയറവ് പറയേണ്ടി വന്നു. എന്നാൽ, സോളിൽ ചൂട് കൂടുന്നതുകൊണ്ടാണ് താൻ മീശയെടുത്തതെന്നാണ് ഹാരി പറയുന്നത്. മീശയെടുക്കുന്നതിന്റെ വീഡിയോ സോൾ അംബാസിഡറുടെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ ഹാരി പോസ്റ്റ് ചെയ്തിട്ടുണ്ട്. സോളിൽ വേനൽക്കാലമായതിനാൽ വിയർത്തൊഴുകുകയാണ്. അതിനാൽ മാസ്കും മീശയും ഒരുമിച്ച് കൊണ്ടുനടക്കാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. 'ഒന്നുകിൽ മീശ സംരക്ഷിക്കുകയും മാസ്ക് ഉപേക്ഷിക്കുകയും ചെയ്യണം. പക്ഷെ, കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മാസ്ക് ധരിച്ചിരിക്കണം. സോളിൽ വേനൽക്കാലം കഠിനമാണ്. വിയർത്തൊലിക്കുന്ന സാഹചര്യത്തിൽ മീശയും മാസ്കും ഒരുമിച്ച് കൊണ്ടുനടക്കാനാകില്ല' - ഹാരി പറഞ്ഞു. 'ജപ്പാനുമായുള്ള ചരിത്രപരമായ ശത്രുത ഞാൻ മനസിലാക്കുന്നു. പക്ഷേ ഞാൻ കൊറിയയിലെ ജാപ്പനീസ്-അമേരിക്കൻ അംബാസഡറല്ല. അമേരിക്കൻ അംബാസിഡറാണ്'. തന്റെ പൂർവികരെ ചൊല്ലി ചരിത്രത്തിന്റെ ഉത്തരവാദിത്വം തന്റെമേൽ വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.