mukesh-ambani

മുംബയ്: അമേരിക്കൻ കമ്പനിയായ എക്‌സ്‌കോൺ മൊബീലിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ലോകത്തെ രണ്ടാമത്തെ വലിയ ഊർജ-എണ്ണക്കമ്പനിയെന്ന പട്ടം റിലയൻസ് ഇൻഡസ്‌ട്രീസ് സ്വന്തമാക്കി. വെള്ളിയാഴ്‌ച ഓഹരി വിപണി വ്യാപാരം പൂർത്തിയാക്കിയപ്പോൾ 800 കോടി ഡോളർ നേട്ടവുമായി 18,​900 കോടി ഡോളറാണ് (14.71 ലക്ഷം കോടി രൂപ)​ റിലയൻസിന്റെ മൂല്യം. എക്‌സ്‌കോണിന്റെ മൂല്യം 100 കോടി ഡോളർ താഴ്‌ന്ന് 18,​470 കോടി ഡോളറിലെത്തി.

1.75 ലക്ഷം കോടി ഡോളർ മൂല്യമുള്ള സൗദി ആരാംകോയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി. ഇന്നലെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചപ്പോൾ റിലയൻസിന്റെ മൂല്യം 14.71 ലക്ഷം കോടി രൂപയാണ്. മൂല്യം 10 ലക്ഷം കോടി രൂപ കവിഞ്ഞ ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. ഇന്നലെ ഓഹരി വില 9.65 രൂപ വർദ്ധിച്ച് 2,​155 രൂപയിലെത്തി. ലോകത്തെ അഞ്ചാമത്തെയും ഏഷ്യയിലെ ഒന്നാമത്തെയും വലിയ സമ്പന്നനായ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി,​ ബിഗ്ബസാർ റീട്ടെയിൽ ശൃംഖലയുടെ ഉടമസ്ഥരായ ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള നീക്കം നടത്തുന്നുണ്ട്.