തിരുവനന്തപുരം: കിളിമാനൂരിൽ പൊലീസ് പിടികൂടിയ മോഷണ കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് 17ന് പിടിച്ചുപറി കേസിൽ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത തട്ടത്തുമല മലയ്ക്കൽ സ്വദേശിയായ 32 വയസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
അറസ്റ്റ് ചെയ്ത അന്ന് തന്നെ പ്രതിയെ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ നിരീക്ഷണ തടവിൽ ആക്കിയിരുന്നു .എന്നാൽ ഇന്നലെ രാവിലെയോടെയാണ് പ്രതിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നത്. അതേസമയം അറസ്റ്റിലായ പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം പത്ത് ദിവസത്തോളം വൈകിയതിനെ തുടർന്ന് കൂടുതൽ പൊലീസുകാരെ നിരീക്ഷണത്തിലാക്കാൻ സാദ്ധ്യതയുണ്ട്.