daisy

ലണ്ടൻ: തങ്ങളുടെ പ്രിയപ്പെട്ട ഡെയ്സിയ്ക്ക് ഒരപകടം വന്നപ്പോൾ അവളെ തനിച്ചാക്കി മടങ്ങാൻ ആ 16 പർവതാരോഹകർക്ക് കഴിഞ്ഞില്ല. മഴയത്തും വെയിലത്തും തങ്ങൾക്ക് വഴികാട്ടിയായിരുന്ന ഡെയ്സിയെ സ്ട്രെച്ചറിൽ ഇരുത്തിയാണ് രക്ഷപ്പെടുത്തിയത്. ആരാണ് ഡെയ്സിയെന്നല്ലേ? പ‍ർവതാരോഹകരെ സഹായിക്കുന്നതിൽ പേരുകേട്ട സെന്റ് ബെർണാഡ് ഇനത്തിൽപ്പെട്ട നായയാണ് ഡെയ്സി.

ഉടമയോടൊപ്പം ഇംഗ്ലണ്ടിലെ പ‍ർവതമായ സ്കഫെൽ പൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ വീണതിനെത്തുട‍ർന്നാണ് ഡെയ്സിക്ക് പരിക്കേറ്റത്. അഞ്ച് മണിക്കൂ‍ർ സമയമെടുത്താണ് ഡെയ്സിയെ ഉടമയടക്കം 16 പേരടങ്ങുന്ന പർവതാരോഹക സംഘം ചേർന്ന് താഴ്‌വരയിൽ എത്തിച്ചത്.

പിൻകാലുകൾക്ക് പരിക്കേറ്റതിനെത്തുട‍ർന്ന് ഡെയ്ക്ക് അനങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രഥമ ശുശ്രൂഷ നൽകി സ്ട്രെച്ചറിൽ താഴെ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ആശുപത്രിയിൽ കഴിയുന്ന ഡെയ്സി സുഖം പ്രാപിച്ചുവരികയാണ്. സമുദ്ര നിരപ്പിൽ നിന്നും 3,209 അടി ഉയരമുള്ള പർവതമാണ് സ്കഫെൽ പൈക്ക്. കംബ്രിയയിലെ ദേശീയ ഉദ്യോനത്തിലാണ് പർവതം സ്ഥിതിചെയ്യുന്നത്. വാസ്‌ഡേൽ മൗണ്ടൻ റെസ്‌ക്യൂ ടീമാണ് ഡെയ്സിയെ രക്ഷിക്കുന്നതിന് നേതൃത്വം നൽകിയത്.