cathe

പാരിസ്: ഇക്കഴിഞ്ഞ 18ന് നാന്റെസിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ കത്തീഡ്രൽ തീവച്ചത് താനാണെന്ന് സമ്മതിച്ച് പിടിയിലായ ജീവനക്കാരൻ. പള്ളി അടയ്ക്കാനും തുറക്കാനുമായി നിയമിച്ച റുവാണ്ട വംശജനായ 39കാരനാണ് പിടിയിലായ ആൾ. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പങ്കുവച്ചിട്ടില്ല. പള്ളി കത്തിയ ദിവസം ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതൽ ചോദ്യം ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. തുടർന്ന് നടന്ന കേസന്വേഷണത്തിലാണ് ഇയാൾ വീണ്ടും അറസ്റ്റിലായത്. ചരിത്രപ്രധാനമായ പള്ളി കത്തിച്ചതിൽ കുറ്റബോധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിരുന്നു. എന്നാൽ, എന്തിനാണ് കത്തിച്ചതെന്ന കാരണം മാത്രം പറഞ്ഞിട്ടില്ല. ചെയ്ത കുറ്റം തെളിഞ്ഞാൽ പത്തു വർഷത്തോളം ജയിൽ ശിക്ഷയും ഒന്നര ലക്ഷം വരെ യൂറോ പിഴയും (ഒരു കോടി ഇന്ത്യൻ രൂപ) ലഭിച്ചേക്കും. അന്നുണ്ടായ തീവയ്പ്പിൽ പതിനേഴാം നൂറ്റാണ്ടിൽ പണിത പള്ളി ഏതാണ്ട് പൂർണമായും കത്തിനശിച്ചുപോയിരുന്നു.