ആയുർവേദ ചികിത്സയ്ക്ക് പോകുന്നവർ വളരെ വിഷമത്തോടെ കേൾക്കുന്ന ഒരു വാക്കാണ് പഥ്യം. കർക്കടകത്തിൽ ഇത്തിരി കഞ്ഞി വച്ചു കുടിക്കാം എന്ന് കരുതിയാലും പഥ്യം നോക്കണമെന്ന് പറഞ്ഞ് വിഷമിപ്പിച്ചു കളയും. പഥ്യപ്പിഴവ് കാട്ടിയാൽ രോഗം മറുത്തെടുക്കും എന്ന് കൂടി കേൾക്കുന്ന ഒരാൾ, അങ്ങനെയെങ്കിൽ പഥ്യവും വേണ്ട, ആയുർവേദവും വേണ്ട എന്ന് തീരുമാനിക്കുകയാണ് പതിവ്. എന്നാൽ ആയുർവേദക്കാർ മാത്രമല്ല പഥ്യം പറയുന്നത്. എല്ലാ ചികിത്സാ വിഭാഗങ്ങളും പഥ്യം പറയുന്നുണ്ട്.
എന്തൊക്കെ ഉപയോഗിക്കാനും കഴിക്കാനും പാടില്ല എന്ന് പറയുന്നതല്ല പഥ്യം. എന്തൊക്കെ ഉപയോഗിക്കണം എന്ന് പറയുന്നതാണ് പഥ്യം. ഉപയോഗിക്കാൻ പാടില്ലാത്തവയെ അപഥ്യം എന്നാണ് പറയുന്നത്.
രോഗത്തിലും രോഗാവസ്ഥയിലും ആരോഗ്യത്തിലും ഉപയോഗിച്ചാൽ സുഖം ലഭിക്കുന്നതിനെ പഥ്യമെന്നും അസുഖം വർദ്ധിക്കുവാൻ തക്കവിധം ദോഷമുണ്ടാക്കുന്നവയെ അപഥ്യമെന്നും പറയുന്നു.പഥ്യവും അപഥ്യവും രണ്ടുവിധമുണ്ട്. പഥ്യാഹാരം, അപഥ്യാഹാരം എന്നതുപോലെ പഥ്യവിഹാരം, അപഥ്യവിഹാരം എന്നിവയുമുണ്ട്. വിഹാരത്തെ തത്കാലം ശീലം എന്നു മനസ്സിലാക്കൂ.
ഉദാഹരണത്തിന് പ്രമേഹരോഗികൾക്ക് മധുരമില്ലാത്തവ പഥ്യാഹാരവും, മധുരമുള്ളത് അപഥ്യ ആഹാരവുമാണ്. അതുപോലെ വ്യായാമം പഥ്യവിഹാരവും ശരീരം അനങ്ങാതെ ഇരുന്നുളള ജോലി അപഥ്യവിഹാരവുമാണ്.അതുപോലെയാണ് കർക്കടകത്തിൽ എളുപ്പം ദഹിക്കുന്നതേ കഴിക്കാവു എന്നത് പഥ്യമാണ്.
എല്ലാ രോഗത്തിലും പഥ്യമായ ആഹാരവും വിഹാരവും ശീലിച്ചാൽ രോഗം കുറയുമെന്നു മാത്രമല്ല ചികിത്സയും വേഗം അവസാനിപ്പിക്കാം. ഏതെങ്കിലും രോഗത്തിന് ഹിതകരമല്ലാത്ത അതായത് അപഥ്യമായ ആഹാരമോ വിഹാരമോ ഉപയോഗിച്ചാൽ അത് രോഗവർദ്ധനവിന് കാരണമാകുകയും ചികിത്സ ഫലിക്കാതെ വരികയും അല്ലെങ്കിൽ ഫലം ലഭിക്കാൻ താമസിക്കുകയും ചെയ്യും.
എന്തിനും മരുന്നു മാത്രം മതി പഥ്യാപഥ്യങ്ങൾ നോക്കണ്ട എന്ന് വിചാരിച്ചാൽ രോഗശമനത്തിനായി ഉപയോഗിക്കേണ്ട മരുന്നിന്റെ അളവ് സ്വാഭാവികമായും കൂടുതൽ വേണ്ടിവരും.
ചില ആയുർവേദ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ എല്ലാ ആയുർവേദ മരുന്നുകൾക്കും അവ അനിവാര്യമാണ് എന്ന് പറയാനാകില്ല. അത് തീരുമാനിക്കേണ്ടത് ശാസ്ത്രം ശരിയായി പഠിച്ച് ചികിത്സ നിശ്ചയിക്കുന്നവരാണ്. എന്നാൽ ഇന്ന് ചികിത്സ തേടിയെത്തുന്നവരെ കാത്തിരിക്കുന്ന മുൻകൂട്ടി പ്രിന്റ് ചെയ്ത നീണ്ട ലിസ്റ്റ് വെട്ടിയും തിരുത്തിയും ഭക്ഷണം കഴിക്കുവാൻ പോലും രോഗിയെ അനുവദിക്കാതെ, ചികിത്സകൻ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ നമുക്കിടയിലുണ്ട്.നിർഭാഗ്യവശാൽ വിദ്യാഭ്യാസവും വിവേകവുമുള്ള ചിലരെങ്കിലും ഇതിലൊക്കെ ചെന്നു പെടാറുമുണ്ട്.
മത്സ്യമാംസാദികൾ പൂർണമായി ഉപേക്ഷിച്ച് സസ്യാഹാരം മാത്രം നിർദ്ദേശിക്കുന്ന രീതിയൊന്നും ആയുർവേദത്തിൽ ഇല്ല. കർക്കടകത്തിൽ പോലും. ചില പ്രത്യേക പാചക രീതികളിലൂടെ എളുപ്പം ദഹിക്കാനിടയില്ലാത്ത ഒന്നിനെ എളുപ്പം ദഹിക്കുന്നതാക്കി മാറ്റാനാകും. ഇറച്ചി വറുത്തു കഴിക്കുന്നതിനെക്കാൾ കറി വച്ചു കഴിച്ചാൽ ദഹിക്കും. വീണ്ടും വീണ്ടും എണ്ണയിൽ വഴറ്റി പാകം ചെയ്താൽ ഒട്ടും ദഹിക്കാത്തതായി മാറുകയും ചെയ്യും. എളുപ്പം ദഹിക്കുന്നതാണെന്ന് കരുതി പനിയുള്ളവർ പോലും കഴിക്കുന്ന ബിസ്കറ്റ്, ബ്രഡ്, റസ്ക്, ബൺ എന്നിവ ദഹിക്കുവാൻ യഥാർത്ഥത്തിൽ വളരെ പ്രയാസമാണ്.
ചില രോഗങ്ങൾക്ക് ചില മത്സ്യങ്ങൾ കഴിച്ചു കൂടാ. മറ്റ്ചിലർക്ക് ചില മാംസവിഭവങ്ങൾ നിർദ്ദേശിച്ചിട്ടുമുണ്ട്. സസ്യാഹാരത്തിൽ തന്നെ പലതും കഴിക്കാനും മറ്റ് ചിലത് ഒഴിവാക്കാനും പറയുന്നുണ്ട്.ചുരുക്കത്തിൽ പഥ്യമായവ പാലിക്കേണ്ടതും അപഥ്യമായവ ഒഴിവാക്കേണ്ടതുമാണ്. അതെന്താണെന്ന് തീരുമാനിക്കുന്നത് രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയും ചികിത്സാ സാധ്യതകളും മനസ്സിലാക്കിയാണ്.അവ ശരിയായി നിർദ്ദേശിക്കുവാൻ ശരിയായ ചികിത്സകർക്ക് സാധിക്കും.
കർക്കടകത്തിൽ വളരെ സൂക്ഷിച്ചു മാത്രം ഭക്ഷണം കഴിക്കുക. അഗ്നിബലം നഷ്ടമാകാതെ സൂക്ഷിക്കുക. അപ്രകാരമായാൽ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാം.