മുംബയ്: രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ അധികൃതര്‍ക്ക് ഏറെ ആശങ്ക ഉയര്‍ത്തിയത് ധാരാവിയിലെ കൊവിഡ് കേസുകളായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ കൊവിഡ് പടര്‍ന്ന് പിടിച്ചാല്‍ മഹാരാഷ്ട്രയുടെ ഗതിയെന്താകുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ആശങ്ക ഉയര്‍ത്തും വിധത്തിലാണ് ആദ്യം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതെങ്കിലും രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിലേക്ക് ധാരാവി കൊവിഡിനെ പിടിച്ച് കെട്ടിയിരിക്കുകയാണ്.
മുംബയിലും പൂനെയിലും കേസുകള്‍ കുതിച്ചുയരവേ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 30 ല്‍ താഴെ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് നിലവില്‍ കണ്ടുവരുന്നത്. അതേസമയം മഹാരാഷ്ട്രയ്ക്കും രാജ്യത്തിനും മാതൃകയാകുകയാണ് ധാരാവിയിലെ കൊവിഡ് കേസുകള്‍. ഇന്നലെ വെറും രണ്ട് കൊവിഡ് കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലായ് മാസത്തില്‍ ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസ് ജൂലായ് 19നായിരുന്നു. അന്ന് 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ധാരാവിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. നിരവധിയാളുകള്‍ താമസിക്കുന്ന ചേരിയില്‍ വീടുകളെല്ലാം തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. സാമൂഹിക അകലം പാലിക്കല്‍ വെല്ലുവിളിയാകുമെന്ന് കരുതിയ ഇവിടെ രോഗികളെ ഐസോലേറ്റ് ചെയ്തായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ രോഗവ്യാപനം തടയാന്‍ ആരംഭിച്ചത്. കൂടുതല്‍ അപകടങ്ങില്ലാതെ രോഗം സ്ഥിരീകരിച്ചവര്‍ രോഗമുക്തരായി എന്നതും സര്‍ക്കാരിന് ആശ്വാസമേകി. രോഗബാധിതരെ കണ്ടെത്തല്‍, പിന്തുടരല്‍, പരിശോധന, ചികിത്സ എന്നിങ്ങനെ നാല് ഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാണ് രോഗവ്യാപനം ഇല്ലാതാക്കിയത്. ഡോക്ടര്‍മാരും സ്വകാര്യ ക്ലിനിക്കുകളും ഒരുമനസോടെ പ്രവര്‍ത്തിച്ചായിരുന്നു ഇത്.
ഓരോ ദിവസവും ധാരാവിയുടെ വിവിധയിടങ്ങളില്‍ ക്യാമ്പുകള്‍ നടത്തുകയാണ് ആദ്യം ചെയ്തത്. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ക്യാമ്പില്‍ എത്തി പരിശോധിക്കാം. ആവശ്യമുള്ളവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തി. സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയായിരുന്നു പ്രവര്‍ത്തനം.കഴിഞ്ഞ ഒരു മാസത്തിലേറെയായി ധാരാവിയിലെ പ്രതിദിന കേസുകള്‍ ഭൂരിഭാഗവും 20ല്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.