olivia

വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് നടി ഒലിവിയ ഡെ ഹാവിലാൻഡ് (104)​ പാരിസിൽ അന്തരിച്ചു. 1935 മുതൽ 1988 വരെ ഹോളിവുഡിലെ സുവർണ താരകമായിരുന്നു. നാല് തവണ ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ഒലിവിയ 1946 ൽ ടു ഈച്ച് ഹിസ് ഓണിലൂടെയും 1949ൽ ദ ഏയ്റസിലൂടെയും ഓസ്കാർ സ്വന്തമാക്കി. ഏയ്റസിലെ അഭിനയത്തിന് ഗോൾ‌‌‌ഡൻ ഗ്ലോബും നേടി. 1939ൽ റിലീസ് ചെയ്‍ത ഗോൺ വിത്‍ ദി വിൻഡിലെ നായികയെന്ന നിലയിലാണ് ഒലിവിയ പ്രശസ്തയായത്.

കോളേജ് വിദ്യാഭ്യാസകാലത്ത് ഷേക്സ്പിയറിന്റെ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. ദി ചാർജ് ഒഫ് ദ് ലൈറ്റ് ബ്രിഗേഡ്, ദി ഡൈഡ് വിത്ത് ദെയർ ബൂട്ട്സ് ഓൺ, സ്ട്രോബറി ബ്ലോണ്ട്, ദി മെയ്ൽ ആനിമൽ, ദി ലൈറ്റ് ഇൻ ദി പ്ലാസ, ലേഡി ഇൻ എ കേജ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1979ൽ പുറത്തിറങ്ങിയ ദ ഫിഫ്ത് മസ്കീറ്റർ എന്ന ചിത്രത്തിന് ശേഷം ടെലിവിഷൻ സീരീസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1988ൽ പുറത്തിറങ്ങിയ ദ വുമൻ ഹി ലവ്ഡ് എന്ന ടെലിസീരിസിന് ശേഷം അവർ അഭിനയത്തിൽ നിന്ന് പൂർണമായും അകന്നു. 2010ൽ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഒലിവിയയ്ക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ലീജിയൻ ഡി ഓണർ ലഭിച്ചു.