infosys

 വിറ്റഴിച്ചത് ₹777 കോടിയുടെ ഓഹരികൾ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ ഇൻഫോസിസിലെ ഓഹരി പങ്കാളിത്തം കുറച്ച് സഹസ്ഥാപകനും മലയാളിയുമായ എസ്.ഡി. ഷിബുലാലിന്റെ കുടുംബം. 85 ലക്ഷം ഓഹരികൾ 777 കോടി രൂപയ്ക്കാണ് വിറ്റഴിച്ചതെന്ന് ഓഹരി വിപണിക്ക് സമർപ്പിച്ച കത്തിൽ അവർ വ്യക്തമാക്കി. മാനവനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്കും നിക്ഷേപ ഇടപാടുകൾക്കുമായാണ് പണം ചെലവഴിക്കുക.

ഷിബുലാലിന്റെ ഭാര്യ കുമാരി,​ മകൻ ശ്രേയസ്,​ മരുമകൻ ഗൗരവ് മൻചന്ദ,​ പേരക്കുട്ടി മിലൻ എന്നിവരാണ് ഓഹരികൾ വിറ്റഴിച്ചത്. 1981ൽ ഷിബുലാൽ,​ എൻ.ആർ. നാരായാണമൂർത്തി,​ ക്രിസ് ഗോപാലകൃഷ്‌ണൻ എന്നിവരും മറ്റു നാലുപേരും ചേർന്നാണ് ഇൻഫോസിസിന് തുടക്കമിട്ടത്. 2007-14 കാലയളവിലായി കമ്പനിയുടെ സി.ഒ.ഒ,​ മാനേജിംഗ് ഡയറക്‌ടർ,​ സി.ഇ.ഒ പദവികൾ ഷിബുലാൽ വഹിച്ചു.