കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് അറസ്റ്റ് ചെയ്യണമെന്ന ഉദേശ്യത്തോടെയല്ല വിളിച്ചു വരുത്തിയതെന്ന് സൂചന. ഇതുവരെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ശിവശങ്കർ ഉത്തരം നൽകിയെന്നും അന്വേഷണസംഘവുമായി അദ്ദേഹം പൂർണമായും സഹകരിക്കുന്നുവെന്നുമാണ് എൻ.ഐ.എ വൃത്തങ്ങൾ അറിയിക്കുന്നത്. ഇന്ന് വിട്ടയച്ച ശേഷം ഇനിയും ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ വിളിച്ചു വരുത്തുമെന്നാണ് അനൗദ്യോഗിക വിവരം.
എൻ.ഐ.എ ഐ.ജി നിതീഷ് കുമാർ കൊച്ചിയിലേക്ക് തിരിച്ചു. അന്വേഷണത്തിന്റെ ചുമതല നിതീഷ് കുമാർ ഏറ്റെടുക്കും. അതേസമയം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം എൻ.ഐ.എ ദക്ഷിണേന്ത്യൻ മേധാവി കെ.ബി. വന്ദന, ബംഗളൂരുവിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥർ എന്നിവരും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളിൽ വ്യക്തത തേടാനാണ് എൻ.ഐ.എയുടെ പ്രധാന ശ്രമം. മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തിൽ കൊച്ചിയിലെത്തിയാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്. അതിനിടെ സ്വപ്ന സുരേഷടക്കമുള്ള പ്രതികൾ സെക്രട്ടേറിയറ്റിലെത്തിയോ എന്ന് കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സി.സി.ടി. വി ദൃശ്യങ്ങൾ പകർത്തി നൽകാനുള്ള നടപടിയും തുടങ്ങി. രണ്ടുഘട്ടമായി ഒരു വർഷത്തെ ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ശിവശങ്കർ ചേദ്യം ചെയ്യൽ നേരിടുമ്പോൾ പിണറായി വിജയൻ സർക്കാരും അഗ്നിപരീക്ഷയുടെ മണിക്കൂറുകളിലൂടെയാണ് കടന്നുപോകുന്നത്. അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ സംശയനിഴലിലാകും. അന്വേഷണവും കൂടുതൽ ഉന്നതങ്ങളിലേക്ക് നീളും. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിന് മൂർച്ചയേറും. അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാൽ എല്ലാകുറ്റവും ശിവശങ്കറിൽ ചുരുക്കി സർക്കാരിന് മുഖം രക്ഷിക്കാം. എങ്കിലും ജാഗ്രത കുറവ് ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ മുഖ്യമന്ത്രിക്ക് നേരെ പ്രതിപക്ഷം ഉയർത്തും.