ന്യൂഡൽഹി: വിശ്രുത സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ തനിക്കെതിരെ ബോളിവുഡിൽ ഒരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. തെറ്റിദ്ധാരണകൾ മൂലമാണ് ഇവർ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ വെളിപ്പെടുത്തി. ബോളിവുഡിൽ നിന്ന് വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ റഹ്‌മാന് അടുത്ത കാലങ്ങളിൽ ലഭിച്ചിരുന്നുളളു. പ്രശസ്‌ത ബോളിവുഡ് നടനും, നിർമ്മാതാവും, സംവിധായകനുമായ ശേഖർ കപൂർ ഇതിന് പറഞ്ഞ വിചിത്രമായ കാരണം ബോളിവുഡിന് താങ്ങാവുന്നതിലും വലിയ പ്രതിഭയാണ് എ.ആർ.റഹ്മാൻ എന്നാണ്. ഇപ്പോഴിതാ അതുപോലെ ആരോപണവുമായി മറ്റൊരാൾ കൂടി.
ഓസ്‌കാർ നേടിയിട്ടും തനിക്ക് നേരിടേണ്ടി വന്ന കടുത്ത അവഗണനയെ കുറിച്ച് തുറന്ന് പറയുകയാണ് പ്രശസ്‌ത ശബ്‌ദലേഖകനായ റസൂൽ പൂക്കുട്ടി. താരതമ്യേന കുറച്ച് ചിത്രങ്ങളിലോ തീരെ കുറച്ച് ചിത്രങ്ങളിലോ മാത്രമേ ബോളിവുഡ് ലോകം റസൂൽ പൂക്കുട്ടിയുമൊത്ത് ചെയ്‌തിട്ടുളളൂ. ചിത്രങ്ങൾ ലഭിക്കാതെ വന്നതുമൂലം വളരെയധികം വിഷമത്തിലേക്ക് നീങ്ങിയിരുന്നു താനെന്നും അദ്ദേഹം ശേഖർ കപൂറിന്റെ അഭിപ്രായത്തിന് മറുപടി നൽകി. 2009ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം സ്ളംഡോഗ് മില്യണെയറിലൂടെയാണ് എ.ആർ റഹ്മാനും റസൂൽ പൂക്കുട്ടിക്കും ഓസ്‌കാർ അവാർഡ് ലഭിച്ചത്.
ഏറെ നാളുകൾക്ക് ശേഷം എ.ആർ.റഹ്മാന് ലഭിച്ച ബോളിവുഡ് ചിത്രമാണ് സുശാന്ത് സിംഗ് രാജ്പുത് നായകനായുളള 'ദിൽ ബേചാര'. ചിത്രത്തിന്റെ സംവിധായകനായ മുകേഷ് ഛബ്ര, ചിത്രത്തിന്റെ സംഗീതസംവിധാനം റഹ്മാനെ ഏൽപ്പിക്കരുതെന്ന് തന്നോട് നിരവധിപേർ ആവശ്യപ്പെട്ടിരുന്നതായി റഹ്മാനോട് വെളിപ്പെടുത്തി.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയോടെ ഹിന്ദി സിനിമ ലോകത്തെ ഇത്തരം മോശമായ പ്രവണതകൾക്കെതിരെ തുറന്നുപറച്ചിലുകളും അവയുടെ പ്രതിഫലനങ്ങളും തുടരുക തന്നെയാണെന്ന് സൂചിപ്പിക്കുന്നതാണ് എ.ആർ. റഹ്മാന്റെയും റസൂൽ പൂക്കുട്ടിയുടെയും അഭിപ്രായങ്ങൾ.