wuhan

ഇസ്ലാമാബാദ് : കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ സംശയനിഴലിലാണ് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. അതീവ രഹസ്യ സ്വഭാവമുള്ള ഈ ലാബിൽ നിന്നുമാണ് കൊവിഡ് 19ന് കാരണമായ കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് അമേരിക്കയടക്കമുള്ളവർ ആരോപണം ഉയർത്തുകയും ചെയ്തിരുന്നു. കൊവിഡ് ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുൾപ്പെടെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ വീണ്ടും വിവാദ കേന്ദ്രമായി വുഹാൻ ലാബ്.

ഇത്തവണ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് പാകിസ്ഥാനുമായി കൈകോർത്ത് ആന്ത്രാക്സ് ഉൾപ്പെടെയുള്ള ജൈവായുധ സംബന്ധമായ ഗവേഷണങ്ങൾ നടത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതോടെ വീണ്ടുമൊരു മഹാമാരി സൃഷ്ടിക്കാനുള്ള പുറപ്പാടിലാണോ ചൈനയെന്നാണ് പലരും ഉറ്റുനോക്കുന്നത്.

പാകിസ്ഥാനും ചൈനയും ചേർന്ന് ജൈവായുധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രഹസ്യകരാറിൽ ഏർപ്പെട്ടതായി ഓസ്ട്രേലിയൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മാരകമായ ആന്ത്രാക്സ് ഉൾപ്പെടെയുള്ള വൈറസുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ചൈന പാകിസ്ഥാനിൽ നടത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അതേ സമയം, ആരോപണം നിഷേധിച്ച് പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. വാർത്ത രാഷ്ട്രീയ പ്രേരിതവും വ്യാജവുമാണെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ഓസ്ട്രേലിയൻ അന്വേഷണാത്മക പത്രമായ ക്ലക്സോണിലാണ് ജൂലായ് 23ന് പ്രസിദ്ധീകരിച്ച ആർട്ടിക്കിളിലാണ് പാക് - ചൈന രഹസ്യ കരാറിനെ സംബന്ധിച്ച റിപ്പോർട്ടുള്ളത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി പാകിസ്ഥാൻ മിലിട്ടറിയുടെ ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷനുമായി ചേർന്ന് സാംക്രമിക രോഗങ്ങളെ പറ്റിയുള്ള 3 വർഷ ഗവേഷണത്തിന്റെ രഹസ്യകരാർ ഒപ്പ് വച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ തങ്ങളുടെ ബയോസേഫ്റ്റി ലെവൽ - 3 വിഭാഗത്തിൽപ്പെടുന്ന ലബോറട്ടിയിൽ രഹസ്യ സ്വഭാവമുള്ള യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.

പേര് വെളിപ്പെടുത്താത്ത ഇന്റലിജൻസ് വൃത്തത്തെ ഉദ്ധരിച്ചാണ് ഓസ്ട്രേലിയൻ മാദ്ധ്യമം വാർത്ത പുറത്തുവിട്ടത്.

ചൈനയാണ് പദ്ധതിയുടെ ചെലവുകൾ വഹിക്കുന്നത്. ആന്ത്രാക്സിന് കാരണമായ ബാസിലസ് ആന്ത്രാസിസിന് സമാനമായ ' ബാസിലസ് തുറിൻജിയെൻസിസ് ' ബാക്ടീരിയയെ വേർതിരിച്ചെടുക്കുന്ന സാമ്പിൾ പരിശോധനകൾ നടന്നതായും റിപ്പോ‌ർട്ടിൽ പറയുന്നു. വൈറസുകളെയും ജൈവായുധങ്ങളെയും കൈകാര്യം ചെയ്യുന്നതിന് വുഹാൻ ലാബ് പാക് ഗവേഷകർക്ക് പരിശീലനം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.