covid-death

ലക്നൗ: ആശുപത്രിയിൽ നിന്ന് ആരും കാണാതെ പുറത്തിറങ്ങിയ കൊവിഡ് ബാധിതന്റെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് 57 കാരൻ അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞദിവസം പുറത്തേക്ക് പോയത്. ആശുപത്രിയിൽ നിന്ന് 500 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അമ്പത്തേഴുകാരന്റെ കുടുംബം രംഗത്തിയിട്ടുണ്ട്. ആശുപത്രിയുടെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അതോടൊപ്പം ജീവനക്കാരുടെ ഉപദ്രവത്തെ തുടർന്നാണ് ഇദ്ദേഹം ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോയതെന്നും കുടുംബം ആരോപിക്കുന്നു.

ശനിയാഴ്ച ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇദ്ദേഹം വിളിച്ചതിന്റെ ഓഡിയോ കുടുംബാംഗങ്ങൾ പുറത്തുവിട്ടു. 'രാത്രി മുഴുവൻ എന്റെ തൊണ്ട വരണ്ടിരിക്കുകയായിരുന്നു. എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. സഹായിക്കാൻ കുറച്ച് ആളുകളോട് പറയാൻ ഞാൻ ശ്രമിച്ചു, പക്ഷേ ആരും ശ്രദ്ധിച്ചില്ല' ഇതാണ് ഓഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്.


ഇയാൾ ശനിയാഴ്ച വൈകുന്നേരം 4: 30 ന് ആശുപത്രിയിലെ പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. തൊട്ടുപിന്നാലെ ആശുപത്രി ജീവനക്കാർ പോകുന്നതും കാണാം. ' രോഗിക്ക് പനിയും ശ്വസന പ്രശ്നങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു. പക്ഷേ, അയാൾ പുറത്തേക്ക് പോയി. തടയാൻ സാധിച്ചില്ല. ഞങ്ങൾ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു.'-ആശുപത്രി പ്രിൻസിപ്പൽ ഡോ. എസ്പി സിംഗ് പറഞ്ഞു.