temple

ധാക്ക: ബംഗ്ലാദേശിലെ 300 വർഷം പഴക്കമുള്ള ക്ഷേത്രം പുതുക്കിപ്പണിയാൻ ഒരുങ്ങുകയാണ് ഇന്ത്യ. വടക്കൻ നാത്തൂരിലെ ശ്രീശ്രീ ജൊയ്‌കാളി മാതർ ക്ഷേത്രമാണ് ഇന്ത്യ പുതുക്കിപ്പണിയുന്നത്. പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം വെർച്വൽമീറ്റ് വഴി കഴിഞ്ഞ ദിവസം ബംഗ്ളാദേശ് വാർത്താവിതരണ മന്ത്രി സുനൈദ് അഹമ്മദ് പാലക് നിർവഹിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റ് റിവ ഗാംഗുലി ദാസ്, ഗഫിമ്മുൾ ഇസ്ലാം എം.പി, നാത്തൂർ മേയർ ഉമ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ ഗവൺമെന്റിന്റെ ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് നവീകരണം. ഇതിനായി ഇന്ത്യ 85,​53,​342 രൂപ ഗ്രാന്റിനത്തിൽ നൽകും. 1.17കോടി രൂപയാണ് മൊത്തച്ചെലവ്. ഇതോടൊപ്പം ഒരു രാമകൃഷ്ണ ക്ഷേത്രം പണിയുന്നതിനും ഇന്ത്യ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.

 ശ്രീശ്രീ ജൊയ്‌കാളി മാതർ ക്ഷേത്രം

ബംഗ്ളാദേശിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്ന്. പതിനെട്ടാം നൂറ്റാണ്ടിൽ ദിഗഭാട്ടിയ രാജവംശത്തിലെ ഭഹാനി രാജ്ഞിയുടെ ദിവാനായിരുന്ന ദയാറാം റോയ് ആണ് ഈ ക്ഷേത്രം പണിതത്. ദുർഗ, കാളി പ്രതിഷ്ഠകൾക്കൊപ്പം ശിവനെയും ഇവിടെ പ്രതിഷ്ഠിച്ചിരുന്നു. ദുർഗ, കാളി പൂജകൾ എല്ലാവർഷവും നടന്നിരുന്നു.