russia

മോസ്കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ ഖബ്രോസ്കിൽ വൻ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ അരങ്ങേറുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജനപ്രിയനായ ഗവർണർ സർഗി ഫർഗലിനെ അറസ്റ്റു ചെയ്തതിനെ തുടർന്നാണ് ചൈനയുടെ അതിർത്തിക്കടുത്തുള്ള ഖബറോവ്സ്ക് നിവാസികൾ മൂന്നു ദിവസം മുമ്പ് പ്രതിഷേധം ആരംഭിച്ചത്. സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധമാണിത്. ഖബറോവ്സ്കിന് പുറത്തുള്ളവർ സമരത്തിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഷ്യൻ ഭരണകൂടം ആരോപിക്കുന്നു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ ബാനറുകളും മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ടാണ് ജനം തെരുവിലിറങ്ങിയത്. 'ഞങ്ങളുടെ ഗവർണറെ ഉടൻ മോചിപ്പിക്കണം, കാരണം അദ്ദേഹത്തെ നിയമവിരുദ്ധമായാണ് തടങ്കലിലാക്കിയതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു'എന്നാണ് സമരക്കാർ പറയുന്നത്. ലെനിൻ സ്ക്വയറിലുള്ള പ്രാദേശിക ഭരണ കെട്ടിടത്തിന് മുന്നിൽ "സ്വാതന്ത്ര്യം", "പുടിൻ രാജിവയ്ക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി ആയിരങ്ങളാണ് അണിനിരന്നത്.