 
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന് ഇന്ന് ജന്മദിനം. ഈ പ്രവശ്യം ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്. 
നടൻ മാത്രമല്ല നിർമാതാവിന്റെ കുപ്പായം കൂടി അണിഞ്ഞ വർഷമാണിത്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് നിർമാണ രംഗത്തേക്ക് ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് എത്തിയത്.മണിയറയിലെ അശോകൻ , കുറുപ്പ് എന്നീ സിനിമകളുടെയും നിർമാതാവാണ്. 
ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. പ്രമാദമായ ചാക്കോവധം ആസ്പദമാക്കി ഒരുക്കിയ സിനിമയിൽ സുകുമാരകുറുപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പക്കുന്നതും ദുൽഖറാണ്. കുറുപ്പ് റിലീസിന് ഒരുങ്ങവേയാണ് ദുൽഖറിന്റെ ജന്മദിനം.
തിരക്ക് പിടിച്ച ഷൂട്ടിംഗിനിടയിൽ സിനിമകൾ കാണാറുണ്ടോ?
സത്യം പറഞ്ഞാൽ കുറച്ച് പാടാണ്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലോ ഹോട്ടലിലോ എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ സിനിമ കാണാനുള്ള മൂഡോ സമയമോ ഉണ്ടാകില്ല. ചിലപ്പോൾ കിടന്നുറങ്ങിപ്പോകും. 
എന്നാലും നല്ല സിനിമകൾ ട്രാക്ക് ചെയ്യാറുണ്ട്. തമിഴിൽ വിക്രം വേദയും തെലുങ്കിൽ അർജുൻ റെഡ്ഡിയുമൊക്കെ ഗംഭീര സിനിമകളാണെന്ന് പലരും പറഞ്ഞു. സമയം കിട്ടുമ്പോൾ കാണണം. അങ്ങനെയുള്ള സിനിമകൾ കണ്ടേപറ്റൂ. പുതിയ കാലത്ത് എന്തെല്ലാം സിനിമകളാണുണ്ടാകുന്നതെന്നും ഏത് സിനിമകളാണ് ചർച്ചചെയ്യപ്പെടുന്നതെന്നും എന്താണ് ട്രെന്റ് എന്നും നമ്മൾ അറിഞ്ഞിരിക്കണം. അന്യഭാഷയിലെന്നല്ല നമ്മുടെ ഭാഷയിലും.
സ്വന്തം സിനിമകൾ കാണുമ്പോൾ?
ഏതൊരു ആക്ടർക്കുമുള്ള അതേഫീൽ തന്നെയാണ് എനിക്കുമുള്ളത്. ആ സീൻ കുറേക്കൂടി നന്നാക്കാമായിരുന്നു, അന്നത്തെ ദിവസം അങ്ങനെ ചിന്തിക്കണമായിരുന്നു എന്നൊക്കെ. അത് നല്ലതാണ്. അല്ലാതെ 'ഞാൻ പൊളിച്ചു"വെന്ന് എനിക്ക് തന്നെ തോന്നിയാൽ എനിക്ക് ഒരു രീതിയിലും മെച്ചപ്പെടാൻ കഴിയില്ല.
തെലുങ്ക് സിനിമകൾ കാണാറുണ്ടോ?
ഉണ്ട്. ഡബ്ബിംഗ് പതിപ്പിനെക്കാൾ തെലുങ്ക് വേർഷനിൽ തന്നെ കാണാനാണ് ഇഷ്ടം. പ്രത്യേകിച്ചും രാജമൗലിയുടെ സിനിമകൾ.
തെലുങ്ക് അത്യാവശ്യം കൈകാര്യം ചെയ്യുന്നയാൾ മലയാളം നന്നായി വായിക്കാൻ പഠിച്ചോ?
വായിക്കാൻ പഠിച്ചു. പക്ഷേ കുറച്ച് സമയമെടുത്തു. ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ കാലഘട്ടത്തിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടു.
സീനിയർ സംവിധായകരിൽ ആരോടൊപ്പം സിനിമ ചെയ്യാനാണ് ആഗ്രഹം?
ഒരുവിധം എല്ലാവർക്കുമൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യം ഇപ്പോൾതന്നെ എനിക്ക് കിട്ടിയിട്ടുണ്ട്.അവരൊക്കെ വീണ്ടും എന്നെ വിളിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വിളിവരുന്നത് എനിക്കൊരു കോൺഫിഡൻസാണ്. നമ്മൾ അവരെ ഒരു രീതിയിലും നിരാശപ്പെടുത്തിയിട്ടില്ലെന്നും നമ്മളിൽ അവർക്ക് വിശ്വാസമുണ്ടെന്നുമല്ലേ വീണ്ടും അവർ വിളിച്ചാൽ അതിനർത്ഥം.
പല ന്യൂജെൻ താരങ്ങളും സീനിയേഴ്സിനെ ബഹുമാനിക്കുന്നില്ലെന്നൊരു പരാതിയുണ്ട്?
ഞാനാർക്കും റെസ് പെക്ട് കൊടുക്കാതിരുന്നിട്ടില്ല. കഥകളും ആശയങ്ങളും വച്ചിട്ടേ ഞാൻ ചിന്തിക്കാറുള്ളൂ. എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടോയെന്ന് നോക്കും. അല്ലാതെ ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ സംവിധായകൻ സീനിയറാണോ ജൂനിയറാണോ എന്നൊന്നും നോക്കാറില്ല. എന്തൊക്കെ പറഞ്ഞാലും നാളെ എനിക്കും വയസാകും. എന്നെ കാസ്റ്റ് ചെയ്യാൻ ആൾക്കാർക്ക് താത്പര്യമില്ലാതെവരും. പ്രേക്ഷകരുടെ ഇഷ്ടം ചിലപ്പോൾ പൊയ്പ്പോയെന്ന് വരാം. ആ പേടി മനസിലുണ്ട്.
ജീവിതത്തിലെ ഏറ്റവും വലിയ മോഹമെന്താണ്?
പറ്റുന്നത്രയും കാലം സിനിമയിൽ നിൽക്കുകയെന്നത് തന്നെയാണ് എക്കാലത്തെയും ഏറ്റവും വലിയ മോഹം. നല്ല സിനിമകൾ ചെയ്യുക. ഇതുവരെ ഞാൻ ചെയ്ത സിനിമകളെല്ലാം നല്ലത് തന്നെയാണെന്നാണ് എന്റെ വിശ്വാസം. അതുപോലെ തന്നെ ഇനിയും നല്ല സിനിമകളുണ്ടാകട്ടെ.
ആരാധകസംഘടനകളോടുള്ള സമീപനമെന്താണ്?
എന്നെ ആരാധിക്കുന്നവരെ എനിക്കും ഇഷ്ടമാണ്. പക്ഷേ എന്നോടുള്ള ആരാധന അവരുടെ മൂന്നാമത്തെയോ നാലാമത്തെയോ പ്രയോറിറ്റി ആയാൽ മതി. ആദ്യം വീട്ടുകാർ. പിന്നെ ജോലിയോ പഠിത്തമോ. അത് കഴിഞ്ഞ് മതി ആരാധനയെന്നാണ് എന്റെ പക്ഷം.
ദുൽഖറിലെ ഗായകനെ കണ്ടെത്തിയതാരാണ്?
അത് ഗോപി സുന്ദർ തന്നെ. നിങ്ങൾ പാട്ടുപാടുന്ന പോലെ ഞാനും പാട്ട് പാടും അത്രേയുള്ളൂ. അല്ലാതെ ഞാനൊരു ഗായകനൊന്നുമല്ല. ആരായാലും ഒരു പാട്ട് ഇഷ്ടപ്പെട്ടാൽ അത് കേൾക്കാൻ തോന്നും, പാടാൻ തോന്നും അത്രേയുള്ളൂ. എന്നോടുള്ള ഇഷ്ടം കൊണ്ട് അവർ എന്നെ പാടിപ്പിക്കുന്നുവെന്നേയുള്ളൂ.
എന്താണ് ദുൽഖറിന്റെ രാഷ്ട്രീയം?
എന്റെ മനസിൽ ഒരു രാഷ്ട്രീയമുണ്ടെന്ന് വിചാരിച്ചോളൂ. പക്ഷേ ഞാനത് പുറത്ത് പറയാൻ ഇഷ്ടപ്പെടുന്നില്ല.