flag

ബീജിംഗ്: അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്കിടെ ചെങ്ഡുവിലെ യു.എസ് കോൺസലേറ്റ് അടച്ചു. യു.എസ്. കോൺസലേറ്റ് അടയ്ക്കാൻ അമേരിക്കയോട് ചൈന നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി. ഇന്നലെ രാവിലെയാണ് കോൺസലേറ്റ് യു.എസ് പതാക താഴ്ത്തിയത്. കോൺസലേറ്റ് അടയ്ക്കുന്ന ദൃശ്യങ്ങൾ ചൈനീസ് മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും ഇറങ്ങിയെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടയ്ക്കാൻ അമേരിക്ക ചൈനയ്ക്ക് 72 മണിക്കൂർ സമയം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയായി ചൈന യു.എസ് കോൺസലേറ്റ് അടയ്ക്കാൻ നിർദ്ദേശിച്ചത്. കൊവിഡ്, വ്യാപാര കരാർ തുടങ്ങി അമേരിക്കയും ചൈനയും തമ്മിൽ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോൺസലേറ്റിന്റെ രൂപത്തിൽ പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.