ലോസ്ആഞ്ചലസ് : വെസ്‌റ്റേൺ, ഹോറർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ജോൺ സാക്സൺ അന്തരിച്ചു. 83 വയസായിരുന്നു. ന്യുമോണിയ ബാധിതനായിരുന്ന സാക്സൺ യു.എസിലെ ടെന്നസിയിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. 60 വർഷത്തിലേറെയായി സിനിമാ ലോകത്ത് സജീവമായിരുന്ന സാക്സൺ 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
വെസ് ക്രാവെൻ സംവിധാനം ചെയ്ത ' എ നൈറ്റ്മെയർ ഓൺ എലം സ്ട്രീറ്റ് ' എന്ന ഹിറ്റ് ഹോറർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. ജൂഡോ, കരാട്ടെ എന്നിവയിൽ പ്രാവണ്യമുണ്ടായിരുന്ന സാക്സൺ ബ്രൂസ്‌ലീയുടെ വിഖ്യാതമായ ' എന്റർ ദി ഡ്രാഗണി'ലും അഭിനയിച്ചിട്ടുണ്ട്.
മെർലൻ ബ്രാന്റോയ്ക്കൊപ്പം ' ദ അപ്പലൂസ ', ക്ലിന്റ് ഈസ്റ്റ്‌വുഡിനൊപ്പം ' ജോ കിഡ് ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സാക്സണിന് കഴിഞ്ഞു. 1936ൽ ബ്രൂക്ക്‌ലിനിലാണ് ഇറ്റാലിയൻ വംശജനായ സാക്സൺ ജനിച്ചത്. കാർമൈൻ ഒറീകോ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1950കളിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. 2015ൽ പുറത്തിറങ്ങിയ ' ദ എക്സ്ട്ര ' ആണ് അവസാന ചിത്രം.