ടൊറന്റോ: കാനഡയിൻ ഉത്തരധ്രുവ പ്രദേശത്ത് സ്വർണഖനി വാങ്ങാനൊരുങ്ങി ചൈനീസ് സർക്കാർ. ഇതു സംബന്ധിച്ച് ആദ്യ വട്ട ചർച്ചകൾ കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഷാൻഡോംഗ് ഗോവഡ് മൈനിംഗ് കമ്പനിയാണ് സ്വർണഖനി വാങ്ങാൻ പദ്ധതിയിടുന്നത്. അവർ നേരിട്ടാകും അവിടെ ഖനന പരിപാടികൾ നടത്തുക. എന്നാൽ, തന്ത്രപ്രധാന മേഖലകളിലെല്ലാം തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കമായാണ് ഇതിനെ നിരീക്ഷകർ വിലയിരുത്തുന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ചൈനീസ് സർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ചൈനയുമായി ഏതുവിധത്തിലുള്ള കരാറുകളും സൂക്ഷിച്ചുവേണമെന്നാണ് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് റിച്ചാർഡ് ഫാഡൻ പറയുന്നത്. പക്ഷേ തന്റെ തീരുമാനവുമായി മുന്നോട്ടു പോവുകയാണ് ട്രുഡോ. മറ്റെല്ലാ പേപ്പറുകളും ശരിയായെന്നും കനേഡിയൻ സർക്കാരിന്റെ ഗ്രീൻ സിഗ്നൽ മാത്രം കിട്ടിയാൽ മതിയെന്നുമാണ് കോർപ്പറേറ്റ് ഡവലപ്മെന്റ് ആൻഡ് ഗ്ളോബൽ ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ ജാക് യൂ പറയുന്നത്.