wall

ടെക്സാസ്: യു.എസ്-മെക്സികോ അതിർത്തിയിൽ ട്രംപ് ഭരണകൂടം നിർമ്മിക്കുന്ന മതിൽ ഹന്ന ചുഴലിക്കാറ്റിൽ നിലംപതിച്ചു. അതിർത്തിയുടെ ഏത് ഭാഗത്താണ് മതിൽ തകർന്നു വീണത് എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ടെക്സാസിനും വടക്കു കിഴക്കൻ മെക്സിക്കോയ്ക്കും ഇടയിലുള്ള അതിർത്തിയിലാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. പ്രകൃതിയുടെ ശക്തിക്കുമുന്നിൽ വിവേചനത്തിന്റെ മതിൽ പൊളിഞ്ഞു എന്ന സന്ദേശത്തോടെയാണ് ട്രംപിന്റെ വിമർശകർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം വീഡിയോയുടെ വിശ്വാസ്യത സംബന്ധിച്ച ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. 59 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നിരവധിപേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, സംഭവം മറ്റെവിടെയോ നടന്നതാണെന്നും പഴയ ദൃശ്യങ്ങളാണമെന്നുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അതിർത്തി രക്ഷാ സേനയിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. മെക്സിക്കോ വഴി വരുന്ന അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന്റെ ഭാഗമായാണ് മതിൽ നിർമ്മിച്ചത്.