modi

ന്യൂഡൽഹി: കൊവിഡ് കേന്ദ്രീകൃത അടിസ്ഥാന സൗകര്യത്തിന് രാജ്യത്ത് തുടക്കമിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ കൂടുതലും മരണനിരക്ക് കുറവും ആണെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് സുരക്ഷ ഉപകരണങ്ങൾ കയറ്റി അയക്കുന്നതിന് ഇന്ത്യയെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.സി.എം.ആർ സജ്ജീകരിച്ച മൂന്ന് ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്ത് ഇന്ന് 11,000ത്തിലധികം പരിശോധന സംവിധാനങ്ങളും 11 ലക്ഷം ഐസൊലേഷൻ കിടക്കകളുമുണ്ട്. നിലവിൽ പതിമൂവായിരത്തോളം ലാബുകളിലാണ് രാജ്യത്ത് പരിശോധന നടക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതുതായി ഉദ്ഘാടനം ചെയ്ത ലാബുകൾ ഭാവിയിൽ കരൾ രോഗങ്ങൾ, എച്ച്‌.ഐ.വി, ഡെങ്കി തുടങ്ങിയ അസുഖങ്ങൾക്കും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോയിഡ, കൊൽക്കത്ത, മുംബയ് എന്നിവിടങ്ങളിലാണ് പുതിയ ലാബുകൾ നിർമ്മിച്ചിരിക്കുന്നത്. ലാബുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന വെർച്വൽ പരിപാടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുത്തു.