thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് 161 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65 പേർ ജില്ലയിൽ കൊവിഡ് മുക്തരായി. 14 ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചത്. തലസ്ഥാന നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ പിൻവലിക്കേണ്ട സാഹചര്യം നിലവിലില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ലോക്ക്‌ഡൗൺ കാര്യത്തിൽ തീരുമാനമെടുക്കാൻ ചീഫ്സെക്രട്ടറി തല സമിതിയ്ക്ക് രൂപം നൽകി. ലോക്ക്‌ഡൗൺ ഇളവുകളിൽ സമിതി റിപ്പോർട്ട് അനുസരിച്ചായിരിക്കും തീരുമാനം. നഗരത്തിലെ ക്ലസ്റ്ററുകളിൽ കർശന പ്രതിരോധങ്ങൾ തുടരാൻ തന്നെയാണ് സർക്കാർ നീക്കം. പാറശാല പൊഴിയൂർ മേഖലകളിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുലയനാർക്കോട്ട നെഞ്ചുരോഗ ആശുപത്രിയിൽ ഡോക്ടർ ഉൾപ്പടെ ഏഴ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെൽത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്റിനും രോഗം പിടിപെട്ടു. ആരോഗ്യപ്രവർത്തകരിലെ രോഗബാധ കൊവിഡ് പ്രതിരോധത്തിന് തലസ്ഥാനത്ത് വലിയ തിരിച്ചടിയായേക്കും.

അതേസമയം പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പരിശീലനം നടത്തിയിരുന്ന ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്പ് സ്രവം ശേഖരിച്ചിരുന്നങ്കിലും മറ്റ് ട്രെയിനികൾക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നത്. സ്രവമെടുത്ത പൊലീസുകാരെ മാറ്റിപ്പാർപ്പിക്കുന്നില്ലെന്നും പൊലീസുകാർക്കിടയിൽ പരാതിയുണ്ട്.

ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 963 പേർ രോഗനിരീക്ഷണത്തിലായി. 1,281 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15,316പേർ വീടുകളിലും 1,254 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 185 പേരെ പ്രവേശിപ്പിച്ചു. 224 പേരെ ഡിസ്ചാർജ് ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിൽ 2,284 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് 358 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 869 പരിശോധന ഫലങ്ങൾ ലഭിച്ചു. കളക്ടറേറ്റ് കൺട്രോൾ റൂമിൽ ഇന്ന് 237 കോളുകളാണ്എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 907 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -18,854
 വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -15,316
 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,284
 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,254
 ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -963