മുംബയ്: ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും കൊവിഡ് ഫലം നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടു. ഭർത്താവും നടനുമായ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയിൽ തന്നെ തുടരും. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഈ മാസം 11 നാണ് അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും മുംബയ് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12നാണ് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഹോം ഐസൊലേഷനിലായിരുന്ന ഐശ്വര്യയെയും ആരാധ്യയെയും ഈ മാസം 19നാണ് മുംബയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ 30ഓളം വീട്ടുജോലിക്കാരും ക്വാറന്റൈനിൽ പോയിരുന്നു. ജയാ ബച്ചന്റെ ഫലം നെഗറ്റീവായിരുന്നു.