ദുബായ് : 2023 ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിന്റെ യോഗ്യതാ മാനദണ്ഡമായി ഏകദിന സൂപ്പർ ലീഗ് എന്ന പുതിയ പരീക്ഷണവുമായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടെണ്ണത്തെ സൂപ്പർ ലീഗിലൂടെ കണ്ടെത്തും.
നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടും അയർലൻഡും തമ്മിൽ ജൂലൈ 30ന് സതാംപ്ടണിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് സൂപ്പർ ലീഗ് ആരംഭിക്കുക . മുൻപേ ആരംഭിക്കേണ്ടിയിരുന്ന സൂപ്പർ ലീഗ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീട്ടിവച്ചത്.
അടുത്ത മൂന്നു വർഷം നടക്കുന്ന ഏകദിന മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കുകയാണ് ഐ.സി.സിയുടെ ലക്ഷ്യം. സൂപ്പർ ലീഗ് യാഥാർഥ്യമാകുന്നതോടെ ഇന്ത്യ–ആസ്ട്രേലിയ മത്സരത്തിന്റെ അതേ പ്രാധാന്യം വെസ്റ്റിൻഡീസ് – സിംബാബ്‍വെ മത്സരത്തിനും ലഭിക്കുമെന്നാണ് ഐ.സി.സിയുടെ കണക്കുകൂട്ടൽ .
സൂപ്പർ ലീഗ് ഇങ്ങനെ
13 ടീമുകൾ, 150ലേറെ മത്സരങ്ങൾ, ഒരു ചാമ്പ്യൻ എന്ന രീതിയിലാണ് ഏകദിന സൂപ്പർ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്.
ഐസിസിയിൽ സമ്പൂർണ അംഗങ്ങളായ 12 ടീമുകൾക്കൊപ്പം ലോക ക്രിക്കറ്റ് സൂപ്പർ ലീഗിലൂടെ മുന്നേറിയെത്തിയ നെതർലൻഡ്സും ഏറ്റുമുട്ടും.
13 ടീമുകളും മൂന്നു മത്സരങ്ങളടങ്ങിയ നാലു പരമ്പരകൾ സ്വന്തം നാട്ടിലും നാലു പരമ്പരകൾ പുറത്തും കളിക്കുന്ന രീതിയിലാണ് ഏകദിന സൂപ്പർ ലീഗിന്റെ ക്രമീകരണം. ഒരു ടീമിന് 24 മത്സരങ്ങൾ.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോലെ ഒരു ടീമിന് ബാക്കി 12 ടീമുകളുമായും മത്സരമുണ്ടാകില്ല. ഒരു ടീം ബാക്കി എട്ടു ടീമുകളായാണ് ലീഗ് ഘട്ടത്തിൽ കളിക്കുക.
സൂപ്പർ ലീഗ് ഘട്ടത്തിലെ ഓരോ ജയത്തിനും 10 പോയിന്റ് ലഭിക്കും. ടൈ വന്നാൽ അഞ്ച് പോയിന്റ് വീതം പങ്കുവയ്ക്കും. മത്സരം ഉപേക്ഷിക്കേണ്ടി വരികയോ ഫലമില്ലാതെ പോകുകയോ ചെയ്താലും പോയിന്റ് പങ്കുവയ്ക്കും.
ആതിഥേയരായ ഇന്ത്യയും സൂപ്പർ ലീഗിൽ ആദ്യ ഏഴു സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ഏകദിന സൂപ്പർ ലീഗിലൂടെ യോഗ്യത നേടാനാകാത്ത അഞ്ച് ടീമുകൾക്കും അഞ്ച് അസോഷ്യേറ്റ് രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന യോഗ്യതാ റൗണ്ടിൽ മത്സരിക്കാം.