ന്യൂഡൽഹി: കൊവിഡ് രോഗ വിവരങ്ങൾ പുറത്തിവിടുന്ന കാര്യത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഭിന്നതകൾ നിലനിൽക്കുന്നതായി വ്യക്തമാക്കി അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല. ഏറ്റവും മികച്ച രീതിയിൽ കൊവിഡ് റിപ്പോർട്ടിംഗ് നടത്തുന്നത് കർണാടകയാണെന്നും കൊവിഡ് രോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നതിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ബിഹാറുമാണെന്നും സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു.
രോഗവിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തുള്ളത് കേരളമാണെന്നത് അഭിമാനത്തിന് വക നൽകുന്നു. ഇക്കാര്യത്തിൽ മൂന്നാം സ്ഥലത്തുള്ളത് ഒഡീഷയാണ്. മാത്രമല്ല, കേരളവും ഒഡീഷയും പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലാണ് കൊവിഡ് വിവരങ്ങൾ പ്രസിദ്ധീകരിക്കാനായി 'സ്റ്റേറ്റ് ഡാഷ്ബോർഡ്' ഉള്ളതെന്നും പഠനത്തിൽ പറയുന്നു.
0.61, 0.52, 0.52 എന്നീ സ്കോറുകളാണ് യഥാക്രമം കർണാടകത്തിനും കേരളത്തിനും ഒഡീഷയ്ക്കും ലഭിച്ചിരിക്കുന്നത്. തമിഴ്‌നാടും പുതുച്ചേരിയും കൊവിഡ് വിവരങ്ങൾ പുറത്തുവിടുന്നതിൽ മുൻപിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കണക്കിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ രോഗത്തെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചും കൂടുതൽ ബോദ്ധ്യമുള്ളവരും പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് അറിവുള്ളവരുമാണ്. പഠനം പറയുന്നു.
എന്നാൽ ഉത്തർ പ്രദേശിനും(0.26) ബിഹാറിനും(0.0) ഒപ്പം രോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ മേഘാലയ ഹിമാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയും ഏറെ പിന്നിലാണെന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.