wuhan-

ലണ്ടൻ : കൊവിഡിനെ സംബന്ധിച്ച നിർണായക തെളിവുകൾ കൊവിഡ് 19ന്റെ ഉത്ഭവസ്ഥാനമെന്ന് ഭരണകൂടം വിശേഷിപ്പിക്കുന്ന വുഹാനിലെ സീഫുഡ് വെറ്റ് മാർക്കറ്റിൽ നിന്നും വുഹാൻ ഭരണകൂടം നീക്കം ചെയ്തിരുന്നുവെന്ന് ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റായ പ്രൊഫസർ ക്വോക് - യൂംഗ് യൂൻ.

ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രൊഫസർ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് മനുഷ്യരിലേക്ക് വ്യാപിക്കുന്ന വൈറസ് ആണെന്ന് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയവരിൽ ഒരാളാണ് ഇദ്ദേഹം. വുഹാനിലെ സീഫുഡ് വെറ്റ് മാർക്കറ്റിൽ താനും സംഘവും പരിശോധനയ്ക്കെത്തിയെങ്കിലും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് മുമ്പ് തന്നെ ആ പ്രദേശം മുഴുവൻ അണുനശീകരണം നടത്തി വൃത്തിയാക്കിയിരുന്നതായും യൂൻ പറഞ്ഞു.

' വൈറസിനെ പറ്റി വിവരങ്ങൾ ശേഖരിക്കാൻ വുഹാൻ മാർക്കറ്റിൽ എത്തിയെങ്കിലും മാർക്കറ്റ് മുഴുവൻ വൃത്തിയാക്കപ്പെട്ടതിനാൽ തന്റെ സംഘത്തിന് നിരാശരായി മടങ്ങേണ്ടി വന്നു. അതുകൊണ്ട് തന്നെ ഏത് ജീവിയിൽ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് കടന്നതെന്ന് കണ്ടെത്താൻ സാധിച്ചില്ല. അതേ സമയം, വുഹാനിൽ വൈറസ് വ്യാപനം കുത്തനെ ഉയരുന്നതിനിടെയിലും ആരോഗ്യപ്രവർത്തകർ സാവധാനത്തിലാണ് പ്രതികരിച്ചത്. അതും തന്നിൽ സംശയം ഉളവാക്കി. എന്തോ മറയ്ക്കാൻ ശ്രമിക്കുന്നതായി തോന്നി. വുഹാനിലെ പ്രാദേശിക ഭരണകൂടവും വൈറസ് വ്യാപനത്തിനെതിരെ തണുപ്പൻ പ്രതികരണം സ്വീകരിച്ചെന്നും പ്രൊഫസർ പറയുന്നു.

അതേ സമയം, വൈറസ് വ്യാപനം മൂടിവച്ചതായുള്ള വാർത്തകൾ ചൈനീസ് അധികൃതർ തള്ളിക്കളയുകയാണ്. വൈറസിന്റെ രണ്ടാം തരംഗം തടയാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. 2003ൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം അഥവാ സാർസ് രോഗത്തിന് കാരണമായ വൈറസിനെ തിരിച്ചറിഞ്ഞ സംഘത്തിൽ യൂനും ഉണ്ടായിരുന്നു. കൊവിഡിന്റെ ഉറവിടം കണ്ടെത്താതിരിക്കാൻ വുഹാനിൽ അധികൃതർ മനഃപൂർവം ശ്രമിച്ചതായി കരുതുന്നതായി യൂൻ പറയുന്നു.