pic

ജയ്പൂ‌ർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അഭ്യർത്ഥനയെ തുടർന്ന് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണർ കൽരാജ് മിശ്ര സമ്മതിച്ചു. അതിന് മുമ്പായി സർക്കാർ 21 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് നിർദേശം. സമ്മേളനം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് ഗെലോട്ട് നൽകിയ ശുപാർശ മടക്കി നൽകുന്നതിനൊപ്പമാണ് ഗവർണർ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. രണ്ടാം തവണയും നിയമസഭ വിളിച്ചു ചേർക്കുന്നതിനായി ഗെലോട്ട് സർക്കാർ നൽകിയ ശുപാർശ ഗവർണർ മടക്കി അയച്ചിരുന്നു.

സഭയിൽ വിശ്വാസ വോട്ടെടുപ്പുണ്ടായാൽ അത് തൽസമയം സംപ്രേഷണം ചെയ്യണമെന്നും ഗവർണർ ആവശ്യപ്പെട്ടു.ഇതിന് വേണ്ട ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ നിർവഹിക്കണം. കൊവിഡ് വൈറസ് വ്യാപനം തടയാനുളള മുൻകരുതൽ നടപടിയും സഭ ചേരുന്നതിന് മുമ്പായി നടപ്പിലാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. സച്ചിൻ പെെലറ്റും 18 എം.എൽ.എമാരും കോൺഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ സഭയിൽ ഭൂരിപക്ഷം തെളിയിച്ച് രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാനാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നീക്കം.

സമ്മേളനത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നുണ്ടൊയെന്ന് ഗവർണർ കൽരാജ് മിശ്ര അശോക് ഗെലോട്ടിനോട് ചോദിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ സമ്മേളനം വിളിച്ച് ചേർക്കുമ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശുപാർശയിൽ പറഞ്ഞിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. നിലവിൽ സർക്കാരിന് സഭയിൽ ഭൂരിപക്ഷമുണ്ടെന്നും അയോഗ്യത സംബന്ധിച്ച തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലുളളപ്പോൾ അടിയന്തരമായി സഭ വിളിച്ചു ചേർക്കേണ്ട ആവശ്യമുണ്ടൊയെന്നും ഗവർണർ നേരത്തെ ചോദിച്ചിരുന്നു. രാഷ്‌ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ ഗവർണർ സമ്മേളനം മനപൂർവം നീട്ടിവയ്ക്കുകയാണെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യം ഗവർണർ നിഷേധിച്ചു.

അതേസമയം സച്ചിൻ പെെലറ്റിനെയും 18 എം.എൽ.എമാരേയും അയോഗ്യരാക്കിയ നടപടികൾ മാറ്റിവയ്ക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നിയമസഭാ സ്പീക്കർ സി.പി ജോഷി സുപ്രീംകോടതിയിൽ നൽകിയിരുന്ന പരാതി അദ്ദേഹം പിൻവലിച്ചു.