door

തിരുവനന്തപുരം: തിരക്കേറിയ നഗര റോഡുകളിലും ഇടുങ്ങിയ ഗ്രാമീണ റോഡുകളിലുമെല്ലാം കാർ ഡ്രൈവർമാർക്ക് സംഭവിക്കുന്ന ഒരു കുഴപ്പമാണ് തുറക്കുന്ന ഡോറിൽ ഇരു ചക്രവാഹനങ്ങൾ ഡോറിൽ വന്നിടിക്കുന്നതും തുടർന്നുള‌ള അപകടങ്ങളും. അലക്ഷ്യമായി ഡോർ തുറക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇതാ അത്തരത്തിലെ പ്രശ്‌നം ഒഴിവാക്കാൻ 'ഡച്ച് റീച്ച്' എന്ന ലഘു വിദ്യയുമായി മോട്ടോർ വാഹനവകുപ്പ്. ഫേസ്ബുക്കിലൂടെയാണ് വകുപ്പ് ഇത് വിശദമാക്കുന്നത്.

ലന്തക്കാരുടെ ഡച്ച് റീച്ച് എന്താണെന്ന് ഇവിടെ വായിക്കാം.

ലന്തക്കാരുടെ ഡച്ച് റീച്ച്

നമ്മുടെ നാട്ടിലെ റോഡുകളിൽ അപകടമുണ്ടാക്കുന്ന ഒരു പ്രധാന സംഗതിയാണ് കാർ യാത്രക്കാർ അലക്ഷ്യമായി വാഹനത്തിന്റെ ഡോർ തുറക്കുന്നത്. അതായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ പോസ്റ്റിലെ വിഷയം. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി നിരവധി വർഷങ്ങൾക്ക് മുൻപ് ഡച്ചുകാർ അവലംബിച്ച വളരെ ലളിതമായ ഒരു രീതിയാണ് ഡച്ച് റീച്ച് എന്ന പേരിൽ അറിയപ്പെടുന്നത്.
വാഹനത്തിന്റെ ഡോർ തുറക്കാനായി യാത്രക്കാരൻ ഡോറിനടുത്തുള്ള കൈ ഉപയോഗിക്കുന്നതിന് പകരം മറുവശത്തുള കൈ ഉപയോഗിക്കുന്ന ലളിതമായ ഒരു രീതിയാണിത്. അത്തരത്തിൽ ചെയ്യുന്നതോടെ സ്വാഭാവികമായും തല ചരിയുന്നതിനാൽ പുറകിൽ നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയുകയും അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യും.

നിലവിൽ ഇത്തരത്തിൽ ചെയ്യാത്തവരും ഇനി മുതൽ വാഹനങ്ങളുടെ ഡോർ തുറക്കുന്നതിൽ ഈ രീതി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു ഡച്ചുകാർക്ക് മലയാളത്തിൽ ഉപയോഗിച്ചിരുന്ന പേരാണ് ലന്തക്കാർ. കഴിഞ്ഞ പോസ്റ്റിൽ ലന്തക്കാർ എന്നാൽ ഡച്ചുകാരാണെന്നും വിഷയം ഡച്ച് റീച്ച് ആണെന്നും കമന്റ് ചെയ്തവർക്കും കണ്ടു പിടിക്കാൻ ശ്രമിച്ചവർക്കും അഭിനന്ദനങ്ങൾ.