മാഡ്രിഡ് : സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടില്ലെന്നു ബാഴ്സലോണ പ്രസിഡന്റ് ബർത്തോമ്യൂ. അതേസമയം പാരീസ് എസ്.ജിയിൽ നിന്ന് ബ്രസീൽ താരം നെയ്മറെ തിരികെയെത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയ ബർത്തോമ്യൂ അർജന്റീന താരം ലൗതാരോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി നടത്തുന്ന ചർച്ചകൾ നിർത്തിയെന്നും പറഞ്ഞു.
വിരമിക്കുന്നതു വരെ ബാർസയ്ക്കു വേണ്ടി കളിക്കണം എന്നാണ് ആഗ്രഹമെന്ന് മെസി പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും അതു കൊണ്ടു തന്നെ ക്ലബ്ബുമായി അദ്ദേഹം കരാർ പുതുക്കുമെന്നും ബർത്തോമ്യൂ സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബാർസയുമായുള്ള മെസിയുടെ കരാർ അടുത്ത വർഷം അവസാനിക്കും.സാധാരണ ഗതിയിൽ കരാർ അവസാനിക്കുന്നതിന് തലേവർഷം തന്നെ മെസി പുതുക്കാറുണ്ട്. ഇത്തവണ കോച്ചുമായും ക്ളബ് അധികൃതരുമായും ഇടഞ്ഞുനിൽക്കുന്ന മെസി ഇതുവരെ അതിന് തയ്യാറായിട്ടില്ല.
പരിശീലകൻ ക്വികെ സെറ്റിയെനു പകരം മുൻ താരം ചാവി ഹെർണാണ്ടസിനെ കൊണ്ടു വരുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ബർത്തോമ്യൂ പറഞ്ഞു.