ന്യൂഡൽഹി: കഞ്ചാവ് ലഭിക്കാത്തിന്റെ മാനസിക സംഘർഷം മൂലം യുവാവ് വിഴുങ്ങിയത് 20 സെന്റിമീറ്റർ നീളമുള്ള കത്തി. യുവാവിന്റെ കരളിൽ തറച്ചിരുന്ന കത്തി എയിംസിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ആദ്യമായാണ് ഇത്തരത്തിലൊരു കേസ് കൈകാര്യം ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഒന്നര മാസം മുമ്പാണ് ഇരുപത്തെട്ടുകാരനായ യുവാവ് കത്തി വിഴുങ്ങിയത്. വിശപ്പിലായ്മയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തി. പിന്നീട്, നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് കരളിൽ തറച്ച നിലയിൽ കത്തി കണ്ടെത്തിയത്. അതുവരെ യുവാവിന്റെ വീട്ടുകാർ ഇയാൾ കത്തി വിഴുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. പൂർണമായും കരളിൽ തറച്ച കത്തി ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലെ വിദഗ്ദ്ധൻ ഡോ.എൻ.ആർ ദാസിന്റെ നേതൃത്വത്തിലാണ് നീക്കിയത്.