കാൺപൂർ: ഗ്രാമത്തിലെ പതിവ് നിരീക്ഷണത്തിനിറങ്ങിയതായിരുന്നു കാൺപൂരിലെ ബകോൺഗജിലെ പൊലീസുകാർ. ആ സമയത്താണ് മാസ്ക് ധരിക്കാതെ ഒരു യുവാവ് ആടിനെ മേച്ച് നടക്കുന്നത് കണ്ടത്. ആട്ടിടയനെ പിടിക്കാൻ പാഞ്ഞെത്തി പൊലീസ്. പക്ഷെ യുവാവ് കടന്നുകളഞ്ഞു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? ആടിനെ പിടികൂടി ജിപ്പിലിട്ട് സ്റ്റേഷനിലെത്തിച്ചു പൊലീസുകാർ.
സംഭവം അറിഞ്ഞ് ആടിന്റെ ഉടമ ഞെട്ടിപ്പോയി. ആട് മേയ്ച്ചയാൾ മാസ്ക് ധരിക്കാത്തതിന് പിടികൂടിയത് ആടിനെ. അൻവാർഗജ്ജ് സർക്കിൾ ഇൻസ്പെക്ടർ സെയ്ഫുദ്ദീൻ ബേഗ് ആണ് ആടിനെ കസ്റ്റഡിയിലെടുത്തത്. ഉടമ കേണപേക്ഷിച്ച് ഒടുവിൽ പൊലീസ് ആടിനെ വിട്ടുകൊടുത്തു. എന്തായാലും സമൂഹമാദ്ധ്യമങ്ങളിൽ മാസ്ക് ധരിക്കാത്തതിന് ആടിനെ പിടിച്ച കഥ വൈറലായിട്ടുണ്ട്.