pinarayi

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ഐ.എയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി എത്രസമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം, ചോദ്യം ചെയ്യലിന്റെ ഭാഗമായി എന്ത് നിലപാട് എടുക്കണം എന്നത് എൻ.ഐ.എ തീരുമാനിക്കേണ്ടതാണ്. അതിൽ സർക്കാരിനൊരു കാര്യവുമില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ഒത്തുതീർപ്പിലെത്തിയെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. കെ.ഫോൺ വിവാദത്തിലും മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറായില്ല. കൺസൾട്ടൻസി മുമ്പുമുണ്ടായിരുന്നുവെന്നും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തേക്കാൾ ഇപ്പോൾ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഐ.എസ് അടക്കമുള്ള ഭീകരവാദ സംഘടനകളുടെ പ്രവർത്തനം സംബന്ധിച്ച ചോദ്യത്തിന്, നടപടിയെടുക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.