man-u

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ സീസണിന് കഴിഞ്ഞ ദിവസം കൊടിയിറങ്ങിയപ്പോൾ ചാമ്പ്യൻ ക്ളബിന്റെ കാര്യത്തിലോ റണ്ണർഅപ്പുകളുടെ കാര്യത്തിലോ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ മൂന്നാം സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനിഷ് ചെയ്തത് ശരിക്കും അവിശ്വസിനീയമായിരുന്നു. ഒരു പക്ഷേ ഇൗ സീസണിന്റെ ആദ്യ ഘട്ടത്തിൽ തരം താഴ്ത്തലിലേക്കാണോ ചെമ്പടയുടെ പോക്കെന്നുപോലും സന്ദേഹിച്ചവരുണ്ടായിരുന്നു എന്നറിയുമ്പോൾ.

കൊവിഡ് ലോക്ക്ഡൗണിന് മുന്നേ തന്നെ ലിവർപൂളിനാണ് കിരീടം എന്നതിൽ സംശയമൊന്നുമുണ്ടായിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടാം സ്ഥാനവും ഉറപ്പായിരുന്നു. അന്ന് മൂന്നാം സ്ഥാനത്ത് ലെസ്റ്റർ സിറ്റിയായിരുന്നു. പക്ഷേ സീസൺ തീർന്നപ്പോൾ ലെസ്റ്റർ അഞ്ചാമതേക്ക് പിന്തള്ളപ്പെട്ടു. ഒരേ പോയിന്റുമായി ചെൽസിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നിൽ നാലാമതെത്തിയത്. സ്വാഭാവികമായും ആദ്യ നാല് സ്ഥാനക്കാരിൽ ചാമ്പ്യൻസ് ലീഗ് ബർത്തുകൾ ഒതുക്കപ്പെട്ടു. ലെസ്റ്റർ കൊതിച്ച കസ്തൂരി മാമ്പഴം മാഞ്ചസ്റ്ററിലെ ചെമ്പൻ കാക്കകൾ കൊത്തിക്കൊണ്ടുപോയി.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നില്ല.ചാമ്പ്യൻസ് ലീഗ് തുടങ്ങി ആദ്യ കാൽ നൂറ്റാണ്ട് സ്ഥിരസാന്നിദ്ധ്യവും പലതവണ ചാമ്പ്യന്മാരുമായിരുന്ന മാഞ്ചസ്റ്ററിന് ആദ്യമായി യോഗ്യ നേടാനാകാതെ വന്നത് സർ അലക്സ് ഫെർഗൂസൺ മാറി ഡേവിഡ് മോയസ് വന്ന 2011/12 സീസണിലാണ്. അതിന് ശേഷം സ്ഥിരതയില്ലാത്ത രീതിയിലായിരുന്നു ക്ളബിന്റെ പ്രകടനം. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനിലെ ചാമ്പ്യന്മാരായ യുണൈറ്റഡിനെ ഇക്കുറി ഒന്നാം ഡിവിഷനിലേക്ക് എത്തിച്ചതിൽ കോച്ച് സോൾസ്കീയറിന് അഭിമാനിക്കാം.

കഴിഞ്ഞ ജനുവരി വരെ മാഞ്ചസ്റ്റർ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ബേൺലിയോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽക്കേണ്ടി വന്ന സ്ഥിതി. അതിൽ ഒരു മാറ്റമുണ്ടായതിന്റെ പ്രധാന കാരണം ജനുവരിയിൽ പോർച്ചുഗീസ് ക്ളബ് സ്പോർട്ടിംഗ് സി.പിയിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് എന്ന 25കാരൻ മിഡ്ഫീൽഡറെ എത്തിച്ചതാണ്. കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറുന്ന സോൾസ്കീയറുടെ ശൈലിക്ക് വളരെയേറെ ഇണങ്ങുന്നതായിരുന്നു ബ്രൂണോയുടെ പ്രകടനം.

18കാരനായ മാസൺ ഗ്രീൻവുഡ് ഫോമിലേക്ക് ഉയർന്നതും പരിക്ക് മാറി പോൾ പോഗ്ബ തിരിച്ചെത്തിയതും മാർക്കസ് റഷ്ഫോഡും അന്തോണി മാർഷലും ഒത്തിണക്കത്തോടെ കളിക്കാൻ തുടങ്ങിയതുമൊക്കെ പിന്നീടങ്ങോട്ട് പടിപടിയായി ഉയർന്ന് മൂന്നാം സ്ഥാനത്തെത്താൻ ക്ളബിനെ സഹായിച്ചു. ഒരു മാസം മുമ്പുവരെയും അഞ്ചാം സ്ഥാനക്കാരായി ചാമ്പ്യൻസ് ലീഗ് ഉറപ്പില്ലാത്തവരായിരുന്നു എന്നതും മറക്കാനാവില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനെപ്പോലെ പാരമ്പര്യമുള്ള ഒരു ക്ളബിന് ചാമ്പ്യൻസ് ലീഗ് പ്രവേശനം അത്രയധികം ഉൗറ്റം കൊള്ളാനുള്ള നേട്ടമൊന്നുമല്ല. എന്നാൽ ഫെർഗൂസണ് മുമ്പും ശേഷവും എന്ന നിലയിൽ വലിയൊരു വ്യത്യാസമുണ്ട് . ആ പഴയ പ്രൗഡിയിലേക്കെത്താൻ ഇനിയുമേറെ മാറേണ്ടതുണ്ടെന്ന് സോൾസ്കീയർക്കും അറിയാം. അതിനുള്ള ആത്മവിശ്വാസം ഉൗറിവരാനുള്ള വഴിയാണ് ഇൗ മൂന്നാം സ്ഥാനം എന്ന് അദ്ദേഹം കരുതുന്നു.