ശ്രീനഗര്‍: ജമ്മുകാശ്മീർ കേന്ദ്ര ഭരണപ്രദേശമായി തുടരുന്ന കാലത്തോളം തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ ഒമർ അബ്ദുള്ളയെ അടുത്തിടെയാണ് മോചിപ്പിച്ചത്.' എന്നെ സംബന്ധിച്ചിടത്തോളം ജമ്മുകാശ്മീർ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം ഞാൻ ഒരു നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. വികലമാക്കപ്പെട്ട ഒരു സഭയിൽ അംഗമാകാൻ എനിക്ക് കഴിയില്ല' - ഒരു ദേശീയ മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കുറിച്ചു.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചും ഒമർ ലേഖനത്തിൽ പറയുന്നുണ്ട്.'ഞാൻ മറക്കുന്ന ഒരു കൂടിക്കാഴ്ചയല്ല അത്. അതിനെ കുറിച്ച് വിശദമായി ഒരു ദിവസം എഴുതാം. അടുത്ത 72 മണിക്കൂർ എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെ കുറിച്ച് തികച്ചും വ്യത്യസ്തമായ ധാരണയോടെ ആണ് ഞങ്ങൾ കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയത്. എന്നാൽ ഒറ്റയടിക്ക് ഞങ്ങൾ ഭയപ്പെട്ടതെല്ലാം സംഭവിച്ചു' ഒമർ പറഞ്ഞു.
ജമ്മുകാശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.