ഛത്തീസ്‌ഗഢ്: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചത്തീസ്ഗഢിലെ പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ ആഗസ്റ്റ് 6 വരെ നീട്ടി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. റായ്പൂർ, ദുർഗ്, ബിലാസ്പൂർ തുടങ്ങിയ നഗരങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്.
ഈ നഗരങ്ങളിൽ സ്ഥിതി സങ്കീർണമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ആഗസ്റ്റ് 6 വരെ നീട്ടിവയ്ക്കാൻ തീരുമാനിച്ചതായി കൃഷി മന്ത്രി രവീന്ദ്ര ചൗബെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗൺ നീട്ടിവച്ച നഗരങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അതാത് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. പ്രധാന നഗരങ്ങളിൽ രോഗികളുടെയെണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും നിർദേശമായി.
ചത്തീസ്ഗഢിൽ ഇതുവരെ 7623 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 43 പേർ മരണപ്പെടുകയും ചെയ്തു. 2,626 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുളളത്. 4,944 പേർ രോഗമുക്തരായി. റായ്പൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത്.