pinarayi-vijayan

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനായി സി.പി.എമ്മും ബി.ജെ.പിയും രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തെ കുറിച്ച് ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യത്തിന് ഉത്തരം നൽകാതെ നിശബ്ദനായി അൽപ്പസമയം ഇരുന്നുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നൽകാതെ ഇരിക്കുന്നത് കണ്ടുകൊണ്ട് 'കേട്ടിരുന്നോ സി.എം?' എന്ന് ചോദിച്ച മാദ്ധ്യമപ്രവർത്തകയോട് 'ഞാൻ കേട്ടു, മറുപടി അർഹിക്കാത്തത് കൊണ്ടാണ് മറുപടി പറയാത്തതെ'ന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് സി.പി.എം ഒത്തുതീർപ്പിലേക്ക് പോകുന്നതായും ആരോപണമുള്ളതായി മാദ്ധ്യമപ്രവർത്തക പറഞ്ഞിരുന്നു. ശേഷം സർക്കാരിന്റെ 'കെ ഫോൺ' പദ്ധതിയെ കുറിച്ച് ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെയും മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരം കാര്യങ്ങളിൽ അഭിരമിക്കാനാണ് മാദ്ധ്യമപ്രവർത്തരുടെ താത്പര്യം എന്നായിരുന്നു ചോദ്യങ്ങളെകുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.