sivasankar

കൊച്ചി: സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്.രാജീവ്. ശിവശങ്കർ തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്കുറപ്പുണ്ടെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.എ.പി.എ നിലനിൽക്കാനുള്ള സാദ്ധ്യതയില്ല. സരിത്തിന്റെ മൊഴി ശിവശങ്കറിന് എതിരല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. എൻ.ഐ.എയിൽ പൂർണ വിശ്വാസമുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. ശിവശങ്കറിന് മറച്ചുവയ്ക്കാൻ യാതൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കറിനെ നാളെയും എൻ.ഐ.എ ചോദ്യംചെയ്യുന്നത് തുടരും. ഇതുസംബന്ധിച്ച നോട്ടീസ് അദ്ദേഹത്തിന് കൈമാറി. ശിവശങ്കർ കൊച്ചിയിൽ തന്നെ തങ്ങുകയാണ്. രാവിലെ പത്തുമണിക്ക് കൊച്ചി എൻ.ഐ.എ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വരെ നീളുകയായിരുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം എൻ.ഐ.എ ദക്ഷിണേന്ത്യൻ മേധാവി കെ.ബി. വന്ദന, ബംഗളൂരുവിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥർ എന്നിവരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു.