ഈ കൊവിഡ് കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഫേസ്‌മാസ്ക്. പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. വെറുതെ ധരിച്ചാൽ പോരാ. ശരിയായ രീതിയിൽ തന്നെ വേണം. നമ്മുടെ മൂക്കും വായയും കൃത്യമായി മൂടപ്പെടണം. അല്ലെങ്കിൽ പിന്നെ മാസ്ക് ധരിച്ചിട്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. പക്ഷേ, മിക്കവരും മാസ്ക് തെറ്റായി ധരിക്കുന്നത് കാണാം. ചിലർ മാസ്ക് കഴുത്തിൽ തൂക്കി നടക്കുന്നത് കാണാം. ചിലരാകട്ടെ മാസ്ക് മൂക്കിൽ നിന്നും മാറ്റി വയ്ക്കും. ഇതൊന്നും ശരിയല്ല. മാസ്ക് ധരിക്കേണ്ട ശാസ്ത്രീയ രീതി എങ്ങനെയാണെന്ന് മനുഷ്യർക്ക് കാണിച്ചു നൽകുകയാണ് രണ്ട് നായ്‌ക്കുട്ടികൾ. ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആയി മാറിയിരിക്കുകയാണ് ഈ നായ്‌ക്കുട്ടൻമാർ.
മെൽബണിൽ ഡോക്ടറായ സാൻഡ്രോ ഡെമായിയോ ആണ് മാസ്ക് ധരിച്ച നായകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലൂണ, ഹാരി എന്നാണ് നായക്കുട്ടികളുടെ പേര്. കൊളാഷ് രൂപത്തിലുള്ള നാല് ഫോട്ടോയിലൂടെയാണ് മാസ്ക് ശരിയായി ധരിക്കേണ്ട രീതി നായകൾ പറയുന്നത്. ഇതിൽ മൂന്നെണ്ണം മാസ്ക് ധരിക്കുന്നതിലെ തെറ്റായ രീതി ചൂണ്ടിക്കാട്ടുന്നു. നാലാമത്തേതാകട്ടെ ശരിയായ വശം പറഞ്ഞു തരുന്നു. ലൂണയുടെയും ഹാരിയുടെയും ക്യൂട്ട് ഫോട്ടോകളിലൂടെ വളരെ പ്രാധാന്യമുള്ള ഒരു സന്ദേശമാണ് എല്ലാവർക്കും ലഭിക്കുന്നത്.