ഹൈദരാബാദ്: കൊവിഡ് ബാധിതനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗി കട്ടിലില്‍ നിന്നും വീണ് മരിച്ചു. 70കാരനായ രോഗിയാണ് മരിച്ചത്. തെലുങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. ജൂലായ് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ളതിനാല്‍ ഇയാള്‍ക്ക് ഓക്സിജന്‍ നല്‍കിയിരുന്നു.
ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഉറങ്ങുന്നതിന് ഇടയില്‍ കട്ടിലില്‍ നിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയ്ക്കിടെ ഓക്സിജന്‍ ബന്ധം നഷ്ടമായി. ഇതാണ് മരണകാരണമായി കരുതുന്നത്. രോഗി താഴെ വീഴുന്നത് കണ്ട് ഉടന്‍ തന്നെ ആശുപത്രി അധികൃതരെ മറ്റു രോഗികള്‍ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറയുന്നു. ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്നാണ് കൂടെ ഉണ്ടായിരുന്ന രോഗികള്‍ പറയുന്നത്. ആശുപത്രിയില്‍ ഉള്ളവര്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.