mulapalli-pinarayi

തിരുവനന്തപുരം: രാജ്യദ്രോഹ കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് വിരൽ നീളുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കേസ് അനന്തമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ആരുടെയോ ഉത്തരവിനായി കാത്തു നിൽക്കുന്ന അവസ്ഥയാണുള്ളത്. നിർഭയമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. പ്രധാനമന്ത്രിയും അമിത് ഷായും അജിത് ഡോവലുമടങ്ങുന്ന മൂവർ സംഘമാണ് ഡൽഹിയിൽ നിന്നും ഈ കേസ് നിയന്ത്രിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.


ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ നീക്കുപോക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.അന്വേഷണത്തിൽ ഭയപ്പാടില്ലെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ക്യാബിനറ്റിലൂടെ ആവശ്യപ്പെടുന്നില്ല. സി.ബി.ഐ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല.ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇന്റലിജൻസ് സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് സ്വർണക്കടത്ത് കേസിൽ സംശയ നിഴലിലുള്ള യു.എ.ഇ ആറ്റാഷെ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. ഇത് നാണക്കേടാണ്. വിദേശമന്ത്രാലയത്തിനും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾക്കും ഈ കാര്യത്തിലുണ്ടായ വീഴ്ച ചെറുതല്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധത്തോടൊപ്പം രാഷ്ട്രീയ അഴിമതിയും തുറന്നുകാട്ടാൻ താത്പര്യമുണ്ടെങ്കിൽ ബി.ജെ.പിയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ തയ്യാറാകണം.

കള്ളക്കടത്തിൽ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാൻ മുഖ്യമന്ത്രിക്കാവില്ല. സ്വർണക്കടത്തിന്റെ യഥാർത്ഥ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവർത്തിച്ചു.