ന്യൂഡൽഹി:ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗങ്ങൾ നടത്തിയ നേതാക്കൾക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറിന് ഹർജി പിൻവലിക്കാൻ അനുവാദം നൽകി ഡൽഹി ഹൈക്കോടതി. പരാതികളുമായി മജിസ്‌ട്രേറ്റിനെ സമീപിക്കാൻ അഭിഭാഷകൻ കപിൽ മിശ്ര വഴി നൽകിയ സബ്മിഷനാണ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അടങ്ങിയ ബെഞ്ച് അംഗീകരിച്ചത്.
കലാപപശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബി.ജെ.പി. എം.പി. പർവേഷ് വർമ, ബി.ജെ.പി. എം.എൽ.എ. അഭയ് വർമ, മുൻ എം.എൽ.എ. കപിൽ മിശ്ര എന്നിവർക്കെതിരെ കേസെടുക്കാൻ ഹർഷ് മന്ദറിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധർ ഉത്തരവിട്ടിരുന്നു. അന്നുരാത്രിതന്നെ ജഡ്ജിയെ സ്ഥലംമാറ്റി. പിന്നീട് കേസ് പരിഗണിച്ച ബെഞ്ച് കേസെടുക്കാൻ പൊലീസിന് ഒരു മാസം അനുവദിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്ന്
വാദത്തിനിടെ ആരാധനാലങ്ങൾ കലാപകാരികൾ തകർത്തെന്ന് ജമയത്ത് ഉലെമ ഹിന്ദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തിരഞ്ഞുപിടിച്ചുള്ള അക്രമണമാണ് നടന്നതെന്നും പൊലീസ് നോക്കുകുത്തികളായി നിന്നുവെന്നും കോടതിയിൽ അറിയിച്ചു. പരാതികളിൽ പൊലീസ് കേസെടുക്കാൻ തയാറായില്ല.പരാതി നൽകാൻ പോയവരെപ്പോലും കേസിൽപെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾ അന്വേഷിക്കാൻ എൻ.ഐ.എ. അന്വേഷണം വേണമെന്ന് കോൺഗ്രസിനും ആം ആദ്മിക്കും എതിരെ ഹാജരായ അഭിഭാഷകൻ അജയ് ഗൗതം ആവശ്യപ്പെട്ടു.