ഭോപ്പാൽ: സ്ഫോടക വസ്തു ഉപയോഗിച്ച് എടിഎം തകർത്ത് പണം കവരുന്ന ഏഴംഗ സംഘം അറസ്റ്റിൽ. ദേവേന്ദ്ര പട്ടേൽ(28), നിതേഷ് പട്ടേൽ, രാകേഷ് പട്ടേൽ, പാരാം, ലോധി, ജഗേശ്വർ പട്ടേൽ, ജയ്റാം പട്ടേൽ എന്നിവരാണ് പിടിയിലായത്. ഇതില്‍ ദേവേന്ദ്ര പട്ടേൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആളാണ്.
ജൂലായ് 19-ന് എടിഎം തകർത്ത് 23 ലക്ഷം രൂപ കവർന്ന കേസിലാണ് ഇവരെ പിടികൂടിയത്. പ്രതികളിൽനിന്ന് 25 ലക്ഷം രൂപയും 3 ലക്ഷത്തിന്റെ കള്ളനോട്ടുകളും സ്ഫോടകവസ്തുക്കളും രണ്ട് നാടൻ തോക്കുകളും പൊലീസ് പിടിച്ചെടുത്തു. ദേവേന്ദ്ര പട്ടേലാണ് സംഘത്തലവൻ. സ്ഫോടക വസ്തു ഉപയോഗിച്ച് എടിഎം തകർത്ത് പണം കവരുന്നതാണ് ഇവരുടെ രീതി. മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിലായി ഇത്തരത്തിൽ ഒട്ടേറെ എടിഎമ്മുകളിൽ പ്രതികൾ കവർച്ച നടത്തിയിട്ടുണ്ട്. ബൈക്കുകളിൽ മുഖം മറച്ചാണ് ഇവർ കവർച്ചയ്ക്കെത്തുക. ആദ്യം രണ്ടുപേർ സുരക്ഷാജീവനക്കാരനെ കീഴ്പ്പെടുത്തും. പിന്നാലെ സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിക്കും. ഈ സമയം മറ്റ് രണ്ട് പേർ ബൈക്കിലെ ബാറ്ററിയുടെ സഹായത്തോടെ എടിഎമ്മിൽ സ്ഥാപിക്കുന്ന സ്ഫോടകവസ്തു പൊട്ടിക്കും. നിമിഷങ്ങൾ കൊണ്ട് എടിഎം തകർന്നുതരിപ്പണമാകും. ബാക്കി രണ്ടുപേർ നിമിഷങ്ങൾ കൊണ്ട് പണം ബാഗിലാക്കി സ്ഥലം കാലിയാക്കുകയും ചെയ്യും. വെറും 14 മിനിറ്റ് കൊണ്ടാണ് ഇവർ കവർച്ച പൂർത്തിയാക്കുന്നതും പിന്നാലെ ബൈക്കുകളിൽ കടന്നുകളയുന്നതും.