മുംബയ്: കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) ഇന്ത്യയിലെ ബാങ്കുകളിലും തിരഞ്ഞെടുക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിലുമായി നടന്നത് 1.85 ലക്ഷം കോടി രൂപ മതിക്കുന്ന 84,545 തട്ടിപ്പുകളെന്ന് വിവരാവകാശ പ്രകാരം റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. അഭയ് കോലാർകർ എന്ന വിവരാവകാശ പ്രവർത്തകനാണ് റിപ്പോർട്ട് തേടിയത്. ബാങ്കിംഗ് ജീവനക്കാരും തട്ടിപ്പിലുൾപ്പെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.
ബാങ്ക് ജീവനക്കാർ ഉൾപ്പെട്ട 2,668 കേസുകൾ കഴിഞ്ഞവർഷം രേഖപ്പെടുത്തിയിട്ടുണ്ട്. മൂല്യം 1,783.22 കോടി രൂപയാണ്. കഴിഞ്ഞവർഷം ജൂലായ് ഒന്നുമുതൽ മാർച്ച് 31വരെ 2.14 ലക്ഷം പരാതികളും ലഭിച്ചു. എസ്.ബി.ഐയിലാണ് ഏറ്റവുമധികം പരാതികൾ; 63,259 എണ്ണം. എച്ച്.ഡി.എഫ്.സി ബാങ്ക് (18,764), ഐ.സി.ഐ.സി.ഐ ബാങ്ക് (14,582), പഞ്ചാബ് നാഷണൽ ബാങ്ക് (12,469), ആക്‌സിസ് ബാങ്ക് (12,214) എന്നിവയാണ് കൂടുതൽ പരാതികൾ ലഭിച്ച മറ്ര് പ്രമുഖ ബാങ്കുകൾ.
അടച്ചുപൂട്ടിയ ശാഖകൾ
ലയനത്തിന്റെ ഭാഗമായി 2019-20ൽ 194 ബാങ്ക് ശാഖകൾ അടച്ചുപൂട്ടി. ഇതിൽ, 78 എണ്ണം എസ്.ബി.ഐയുടേതാണ്. മറ്റൊരു ശാഖയുമായി ലയിച്ച ശാഖകളുടെ എണ്ണം 438. എസ്.ബി.ഐയിൽ 130, സെൻട്രൽ ബാങ്ക് 62, അലഹബാദ് ബാങ്ക് 59 എന്നിവയാണ് ശാഖകൾ ലയിപ്പിച്ചവയിൽ മുൻപന്തിയിൽ.