cal-orcko

നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒട്ടനവധി ജീവികളുടെ ഫോസിലുകളാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളത്. അത്തരത്തിൽ പാലിയന്റോളജിസ്റ്റുകൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളെ പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ച പ്രദേശമാണ് 'കാൽ ഓർക്കോ'. ആയിരക്കണക്കിന് ദിനോസറുകളുടെ കാൽപ്പാടുകൾ പതി‌ഞ്ഞ ഒരു മതിലാണ് ഇവിടുത്തെ പ്രത്യേകത. ബൊളീവിയയിലെ സുക്രെ നഗരത്തിൽ നിന്നും മൂന്ന് മൈൽ കിഴക്കാണ് കാൽ ഓർക്കോ സ്ഥിതി ചെയ്യുന്നത്.

cal-orcko

ക്രിറ്റേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന ദിനോസറുകളുടെ കാൽപ്പാടുകളുടെ ലോകത്തെ ഏറ്റവും വലിയ ശേഖരമാണ് ഇവിടെയുള്ളത്. 68 ദശലക്ഷം പഴക്കമുള്ള ഏകദേശം 12,000 ദിനോസർ കാൽപ്പാടുകളാണ് ഈ ചുണ്ണാമ്പ്കല്ല് മതിലിലുള്ളത്. 1985ൽ ഒരു പ്രാദേശിക സിമന്റ് കമ്പനി ചുണ്ണാമ്പ് കല്ല് ഖനനം ചെയ്യുന്നതിനിടെയാണ് വിലപ്പെട്ട ഈ കാൽപ്പാടുകൾ കണ്ടെത്തിയത്.

cal-orcko

പ്രദേശത്തെ ഖനനവും മണ്ണൊലിപ്പും ഈ കാൽപ്പാടുകൾക്ക് ഭീഷണിയായതോടെ അധികൃതർ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് എട്ടു വർഷത്തിന് ശേഷമാണ് ഈ പുരാതനകാല അവശേഷിപ്പുകൾ കാണാൻ പൊതുജനങ്ങൾക്ക് അനുമതി നൽകിയത്. കാൽ ഓർക്കോ പ്രദേശത്തെ പ്രത്യേക പാർക്കായി സംരക്ഷിക്കുകയാണ് ഇപ്പോൾ. മ്യൂസിയം, ദിനോസർ മോഡലുകൾ, ഫോസിലുകൾ തുടങ്ങിയ നിരവധി ചരിത്ര വസ്‌തുതകൾ ഇവിടെ കാണാൻ സാധിക്കും.

cal-orcko

മാംസഭുക്കായ തെറോപ്പോഡ്സ്, സസ്യഭുക്കുകളായ നീണ്ട കഴുത്തുള്ള സോറോപോഡ് തുടങ്ങി ക്രിറ്റേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന എട്ടോളം ഇനം ദിനോസറുകളുടെ കാൽപ്പാടുകൾ ഇവിടെയുണ്ട്.

ഒരു ഭീമൻ കുന്നിൽ 73 ഡിഗ്രി ചരിവിൽ 260 അടി ഉയരത്തിലും 3,900 അടി നീളത്തിലുമാണ് കാൽ ഓർക്കോയിലെ ചുണ്ണാമ്പ് കല്ല് മതിൽ സ്ഥിതി ചെയ്യുന്നത്. കാൽ ഓർക്കോ സ്ഥിതി ചെയ്യുന്ന ഈ ഭീമൻ കുന്ന് 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നദീതട പ്രദേശമായിരുന്നു. യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാണ് കാൽ ഓർക്കോ.