ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 6993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 220716 ആയി. തിരുവള്ളൂർ, കോയമ്പത്തൂർ , കാഞ്ചീപുരം, തൂത്തുക്കുടി, മധുര ജില്ലകളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. ചെന്നൈയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 77 കൊവിഡ് മരണം ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 3571 ആയി.
കർണാടകത്തിലും ആന്ധ്രാപ്രദേശിലും കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകത്തിൽ ഇന്ന് 5324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 101465 ആയി. ബംഗളുരുവിൽ മാത്രം 1470 രോഗികൾ ഉണ്ട്. ബെല്ലാരിയിൽ 840ഉം കൽബുർഗിയിൽ 631ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് മൂലം 75 പേർമരിച്ചു. ഇതോടെ ആകെ മരണം 1953 ആയി.
ആന്ധ്രപ്രദേശിൽ ഇന്ന് 6051 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 102349 ആയി. 24 മണിക്കൂറിനിടെ 49 പേർ മരിച്ചു. ആകെ മരണം 1090 ആയി.
മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 424530 രോഗബാധിതരുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആകെ രോഗികളുടെ 28.7% ആണിത്.