തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി രണ്ടു ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
ക്ഷേമനിധി വിഹിതം 50ശതമാനം കൂട്ടി
ചെറുകിടതോട്ടം തൊഴിലാളികളുടെയും തൊഴിൽ ഉടമകളുടെയും ക്ഷേമനിധിവിഹിതം 50 ശതമാനം വീതം വർദ്ധിപ്പിച്ചു. ഇതിനായി കൊണ്ടുവന്ന ഓർഡിനൻസിന്റെ കരട് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ അംഗീകരിച്ചു. ചെറുകിട തോട്ടം തൊഴിലാളികളും തോട്ടം ഉടമകളും അടച്ചിരുന്ന 20 രൂപ 30 രൂപയായും ഈ മേഖലയിൽ സ്വയംതൊഴിൽ ചെയ്യുന്നവരുടെ ക്ഷേമനിധി 40ൽ നിന്നും 60 രൂപയായും ഉയർത്തി. പ്ലാന്റേഷൻ ലേബർ ആക്ടിന്റെ പരിധിയിൽ വരാത്ത ചെറുകിട തോട്ടങ്ങൾക്കാണിത് ബാധകമാവുക.
മാർക്കറ്റുകളിൽ
നിയന്ത്രണം
കൊവിഡ് വ്യാപനം തടയുന്നതിന് മാർക്കറ്റുകളിൽ നിയന്ത്രണം കർശനമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോറികളിൽ വരുന്ന ലോഡുകൾ അണുവിമുക്തമാക്കിയ ശേഷമേ ഇറക്കാൻ അനുവദിക്കൂ. ഒരേസമയം 10 പേരെ വീതമേ മാർക്കറ്റുകളിലേക്കു പ്രവേശിപ്പിക്കൂ. മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും.
പരിണയം പദ്ധതിക്ക്
1.44 കോടി
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വനിതകൾക്കും ഭിന്നശേഷിക്കാരായ ദമ്പതികൾക്കും 30,000 രൂപ ധനസഹായം നൽകുന്ന പരിണയം പദ്ധതിയ്ക്കായി നടപ്പുസാമ്പത്തിക വർഷം 1.44 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. വിവാഹ ധനസഹായത്തിനായി അപേക്ഷിക്കുന്നവർ വിവാഹ തീയതിക്ക് ഒരു മാസം മുമ്പ് ബന്ധപ്പെട്ട സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. പെൺകുട്ടിയുടെ വിവാഹത്തിന് മുമ്പ് അപേക്ഷിക്കുന്നയാൾ മരണപ്പെട്ടാൽ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കാൻ ചമുതലയുള്ള മറ്റ് അംഗത്തിനോ ധനസഹായം നൽകും.