സോഷ്യൽ മീഡിയയിലൂടെ തന്നോട് മോശമായി സംസാരിച്ചയാളെ കേരള പൊലീസ് കണ്ടെത്തിയെന്നും ആൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി സിനിമാ-സീരിയൽ താരമായ വീണാ നായർ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ എഫ്.ഐ.ആറിന്റെ പകർപ്പ് പോസ്റ്റ് ചെയ്തുകൊണ്ടാണ് വീണ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇതോടൊപ്പം കേരള പൊലീസ് 'ഡബിൾ സ്ട്രോങ്ങ്' ആണെന്ന് പറഞ്ഞുകൊണ്ട് ആവശ്യമായ നടപടി എടുത്തതിൽ കോട്ടയം എസ്.പി ജയദേവന്‍, ചങ്ങനാശ്ശേരി ഐ.ഒ.പി പ്രശാന്ത്കുമാര്‍, എസ്.ഐ അനില്‍കുമാര്‍ എന്നിവര്‍ക്ക് വീണ തന്റെ നന്ദി അറിയിച്ചിട്ടുണ്ട്.
'ബിഗ് ബോസ്' പരിപാടിയിലെ മത്സരാർത്ഥി കൂടിയായിരുന്ന വീണാ നായർ തനിക്കെതിരെ മോശം കമന്റിട്ടയാളുടെ പ്രൊഫൈല്‍ അടക്കം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇയാള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു വീണ പറഞ്ഞിരുന്നത്. ഇക്കാര്യം സംബന്ധിച്ച് കോട്ടയം എസ്.പി ജയദേവനുമായി താൻ സംസാരിച്ചുവെന്നും ഇതിനൊരു പരിഹാരം ഉണ്ടാവുമെന്ന് വിശ്വാസമുണ്ടെന്നും വീണ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.